അബുദാബി: അബുദാബിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനു ശേഷം പ്രതി കുട്ടിയെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍
കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിലാണ് സുപ്രധാന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. കൃത്യം നടത്തുന്ന വേളയില്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിനു സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അബുദാബി ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 33 കാരനായ പാക് പൗരനാണ് പ്രതി. ഇയാള്‍ 11 വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കഴുത്ത് ഞെരിച്ച് കൊന്നു എന്നാണ് കേസ്.
ജൂണ്‍ ഒന്നിനു നിസ്കാരത്തിനു പോയ പാക് ബാലനായ അസ്മാന് മജീദിനെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേദിവസം മോര്റോ റോഡിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി.
തനിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നു പ്രതി കോടതിയില്‍ സമ്മതിച്ചു. പക്ഷേ സംഭവത്തില്‍ താന്‍ നിരപരാധിയാണ് എന്നു അദ്ദേഹം വാദിച്ചു. പ്രതിയുടെ വക്കീല്‍ നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതി ഇയാളുടെ മാനസിക നില പരിശോധിക്കാനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
കുട്ടിയുടെ കൊലപാതകം തങ്ങളെ ഭയപ്പെടുത്തിയതായി മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കി നീതി
ലഭിക്കാനുള്ള നടപടികള്‍ കോടതി ഉറപ്പുവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ വസ്ത്രം ധരിച്ച പ്രതി കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments