
തിരുവനന്തപുരം ; ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സിപിഎം തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സ്വാമി വിവേകാനന്ദൻ, നാരായണ ഗുരു, അയ്യൻകാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകർച്ചക്ക് കാരണം. കേരളത്തിൽ എമ്പാടും പ്രത്യേകിച്ചു കണ്ണൂരിൽ ചെങ്കൊടിയിൽ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാൽ ചെ ഇന്ത്യയിൽ വന്നപ്പോൾ സി പി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിക്കാൻ പോയില്ല. കാരണം അവർക്ക് ചെയുടെ യഥാർത്ഥ ചരിത്രം നന്നായി അറിയാമായിരുന്നു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയെ ലോകസഭയിൽ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്ന കാര്യം പിണറായി മറക്കരുത്.
സിപിഐയിൽ ചേരുന്നതിന് തൊട്ടു മുൻപ് വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഇക്കാര്യം മറച്ചു വെച്ച് ആർ എസ് എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ വൈവിധ്യം നിലനിർത്താനാണ് ബിജെപി യാത്ര നടത്തുന്നത്. ഒരു കൊടിയും, ഒരു പാർട്ടിയും മതിയെന്ന സിപിഎം നിലപാട് അംഗീകരിക്കാൻ ആവില്ല. ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സിപിഎം അതിൽ നിന്ന് പിന്മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Post Your Comments