Latest NewsNewsIndia

ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് വിഷവാതകം ഉപയോഗിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

വാരാണസി: വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ച് അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് വാരാണസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഭാഗമായുള്ള ഈ ആശുപത്രിയില്‍ ജൂണ്‍ ആറ് മുതല്‍ എട്ടുവരെയുള്ള മൂന്നു ദിവസങ്ങളിലായി ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 രോഗികള്‍ മരിച്ചിരുന്നു. ശസ്ത്രക്രിയയുടെ ഭാഗമായി അനസ്‌തേഷ്യ നല്‍കുന്നതിന് ഉപയോഗിച്ച വാതകമാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന നിലവാരത്തിലുള്ള നൈട്രസ് ഓക്‌സൈഡ് എന്ന വാതകമായിരുന്നു അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിച്ചത്. രോഗികളില്‍ ചികിത്സാ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട മരുന്ന് ആയിരുന്നില്ല ഇതെന്നും വിഷകാരിയായ ഈ രാസവസ്തുവിന്റെ ഉപയോഗമാണ് രോഗകളുടെ മരണത്തിന് നേരിട്ടു കാരണമായതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അലഹബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ പാരെര്‍ഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് നൈട്രസ് ഓക്‌സൈഡ് ആശുപത്രിക്ക് എത്തിച്ചു നല്‍കിയതെന്നും സ്ഥിരീകരിച്ചിരുന്നു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ സമിതിയും അംഗീകരിച്ചിരുന്നു. ചികിത്സയിലെ കുറ്റകരമായ അനാസ്ഥയുടെ പേരില്‍ നല്‍കിയ പരാതിയില്‍ ആശുപത്രിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button