എനിക്കേറ്റവും കുശുമ്പും അസൂയയും ഉണ്ടായിരുന്ന ഒരു കാലം , 24 വയസ്സ് മുതൽ 32 വയസ്സ് വരെ ആണെന്ന് പറയണം..കൂടുതലും എന്റെ സഹോദരന്റെ ഭാര്യയോടായിരുന്നു …എന്റെ വീട്ടിൽ വന്നു കേറിയവൾ ,അമ്മയ്ക്ക് തുല്ല്യമോ ഒപ്പമോ അല്ല ,അതിനും മേലെ ഒരു സ്ഥാനം ആ ദിവസം മുതൽ നേടിയിരിക്കുന്നു…!!എന്ത് മറിമായം ആണിത്..?കൊച്ചു കൊച്ചു കാര്യങ്ങൾ മുതൽ വലിയ സംഗതികളിൽ വരെ ,ചായം മാറി അടിച്ചു തുടങ്ങി..നെത്തോലി പീര പറ്റിച്ചാൽ മതി കേട്ടോ…പൊരിച്ചാൽ മോൾക്ക് ഇഷ്‌ടമാകില്ല..ഈ മോൾ , ആരാ..?എന്റെ നാത്തൂൻ…ഹൃദയം വിങ്ങിയാല് മുഖത്തു അത് വരും,..മാളോരു കാണാതെ ഇരിക്കാൻ ചില്ലറ ഗോഷ്‌ടികൾ കാണിച്ചു ഞാൻ അങ്ങ് ചമ്മൽ മറയ്ക്കും..
വൈകുന്നേരങ്ങളിൽ സ്വന്തം വീട്ടിലോട്ടു കൊച്ചിനെയും ഒക്കത്തു വെച്ച് ഒരു കറക്കം ഉണ്ട്….അങ്ങനെ ചെന്ന എന്നോട് അച്ഛൻ..;അയ്യോ.,നീ വരുമെന്ന് ഓർത്തില്ല..മോൾക്ക് മസാല ദോശ വേണമെന്ന് പറഞ്ഞു..രണ്ടെണ്ണമേ ഉള്ളു..നിനക്കിഷ്‌ടമില്ലല്ലോ അല്ലെ…”മസാല ദോശ എനിക്ക് കണ്ടൂടാ…പക്ഷെ , ആ നിമിഷം ,അന്ന് മസാല ദോശ എന്റെ എല്ലാം എല്ലാം ആയി..ദേഷ്യവും സങ്കടവും കുശുമ്പും ഒക്കെ കൂടി ഒരു ഇളക്കമുണ്ടല്ലോ..അതൊരു ഒന്നൊന്നര വികാരമാ…അതും അച്ഛൻ..!പുതു മോടി എന്നൊക്കെ ആശ്വസിക്കാൻ വയ്യ…ഇതെന്റെ അമ്മയുടെ കുടുംബത്തിലെ പാരമ്പര്യമാണ്…അവിടെ മരുമകൾക്കാണ് സ്ഥാനം…മാമൻ മരിച്ചു ,അമ്മായിയുടെ വീട്ടിൽ നിന്നും അവരുടെ നാട്ടിൽ കൊണ്ട് പോകാൻ വന്നു വിളിച്ചപ്പോൾ..എന്നെ നിങ്ങൾ സ്നേഹിച്ചതിന്റെ ഇരട്ടി ഇവിടത്തെ അച്ഛനും അമ്മയും സ്നേഹിക്കുന്നുണ്ട്.. ഞാൻ വരില്ല..എന്ന് പറയുന്നത് ,അഞ്ചാം ക്ലാസ്സിലായിരുന്ന ഞാൻ കേട്ട് നിന്നത് ഇന്നും ഓർമ്മയിൽ ഉണ്ട്..നാത്തൂന്മാരുടെ ഇഷ്‌ടം ആണ് അവിടെ നടപ്പിലാക്കുക..ഞങ്ങൾ കുട്ടികൾക്കും മാമിമാരെ അത്ര ഇഷ്‌ടമാണ്…അതൊക്കെ എനിക്ക് സന്തോഷം തന്നെ…പക്ഷെ ,ഇങ്ങനൊരു ഇരുട്ടടി പ്രതീക്ഷിച്ചില്ല…പൊന്നെ.,വല്ലോം കഴിക്കു മാമിയെ പോലെ സുന്ദരി ആകേണ്ട..?പൊന്നെ..പഠിക്കണം കേട്ടോ ,മാമിയെ പോലെ സ്മാർട്ട് ആകേണ്ടേ..?എന്റെ മോൾടെ പിളള മനസ്സിൽ മാമി നിറയ്ക്കാൻ അച്ഛനും അമ്മയും മത്സരിച്ചു ..അത് വൻവിജയം ആയി …മാമി ഇരിക്കുന്ന സ്ഥലത്ത് ചുമ്മാ ഒന്ന് മണം പിടിച്ചു നടന്നാലും അവള്‍ തൃപ്ത….
വർഷങ്ങൾ പതിനൊന്നു കഴിഞ്ഞു..എന്റെ കുശുമ്പും അസൂയയും ഒക്കെ കുറഞ്ഞു , ഇനി ഒരു ഇത്തിരി ബാക്കി ഉള്ളു എന്ന് തോന്നുന്നു..അത് ജാസ്തിയാൽ ഉള്ളതല്ലേ…അവിടെ ഇരിക്കട്ടെ…ഇന്നെനിക്കു ജീവിക്കാൻ ഉള്ള ഒരു ധൈര്യം അവളാണ്..നാത്തൂനായി വന്നു കേറി എന്റെ സ്ഥാനം കയ്യടക്കിയവൾ..ചെറിയ കാര്യം മുതൽ വലിയ കാര്യം വരെ അച്ഛൻ അഭിപ്രായം ചോദിക്കുമ്പോൾ മനസ്സ് കൊണ്ട് ഒരായിരം തവണ പുഛിച്ചിട്ടുണ്ട്..ഇന്ന് അവളുടെ ഒരു സാന്ത്വനം ,അതൊരു ശക്തി തന്നെ ആണ്..ലോകത്തിലെ ഒരു കൗൺസിലോർ നും പറ്റാത്ത ഒന്ന്…പണ്ടൊക്കെഅവൾ മിത ഭാഷി എന്നാണ് തോന്നാറ്..ഇന്ന് കലപില ചിലയ്ക്കുന്ന ഒരു ബൊമ്മ കുട്ടി ആയി എന്റെ ചെവിക്കു ചുറ്റും ഇരിക്കും..’അമ്മ ഒരാളോടാണ് അതിനു കടപ്പാട്…വിവാഹം കഴിപ്പിച്ചു വിട്ടു..ഇനി നീ പുറത്തു..ഇവിടെ വലുത് ഞങ്ങളുടെ മരുമകൾ എന്നൊരു പറച്ചിൽ പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട്..എന്റെ കുരുട്ടു ബുദ്ധി മാത്രമല്ല..പലതും ‘അമ്മ തടങ്കൽ ഇട്ടു…സഹോദരനും ഭാര്യയും ഒന്നിച്ചു താമസം ആരംഭിച്ചപ്പോൾ..ആ ലോകം അവരുടേതാണ് ..അങ്ങോട്ട് ആരും അതിക്രമിക്കേണ്ട എന്നൊരു നിയമം പ്രകടമാക്കാൻ അമ്മയ്ക്ക് ആയി…കുറ്റമില്ലാത്തവൾ എന്നൊരു തോന്നൽ ,അവളിൽ ശക്തമാക്കി എടുക്കാൻ കഴിഞ്ഞു..പല സ്ത്രീകളും പൊട്ടിക്കരയാറുണ്ട്..ചെന്ന് കേറിയആ വീട്ടിൽ അപകർഷതാ ബോധത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞു..എന്റെ സഹോദരന്റെ ജീവിതത്തിൽ ഭാര്യയെ കാൾ സ്ഥാനം മറ്റൊരാൾക്കില്ല…
അവളെക്കള്‍ൾ , നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടില്ല എന്ന് സാദാ ഓർമ്മ പെടുത്തിയ എന്റെ അച്ഛനും അമ്മയ്ക്കും ദീർഘവീക്ഷണം എത്ര ശക്തമാണ്…മധുവിധു കാലം കഴിഞ്ഞു ,നാളെ തീരുമാനം തെറ്റായി എന്ന് തോന്നരുത്..ഇവളല്ലാതെ ഇനി ഒരുത്തി മകന്റെ ജീവിതത്തിൽ വരരുത് എന്ന വാശി..കാരണം , അതോടെ നശിക്കുന്നത് അവരുടെ മകൻ ആണ് എന്നവർക്ക് അറിയാം…സത്യത്തിൽ,കേരളത്തിലെ ഏത് കുടുംബത്തിലെ പ്രശ്നവും ഈ ഒരു കാര്യം പിന്തുടർന്നാൽ തീരാവുന്നതാണ്…മകൻ വിവാഹം ആഗ്രഹിക്കുന്ന പെൺകുട്ടി ,അവൾ കുടുംബത്തിന് ചേരുന്നതല്ല എങ്കിൽ ശക്തമായി അതിനെ എതിർക്കാം..പക്ഷെ ,അവന്റെ താലി അവളുടെ കഴുത്തിൽ വീണാൽ പിന്നെ ,എന്നാലും നീ എന്ത് കണ്ടിട്ട് ഇവളെ എന്നൊരു ചോദ്യം മനസ്സിൽ പോലും ഉണ്ടാകരുത്..തലേന്ന് വരെ ശീലിച്ച രീതി ,പിറ്റേന്ന് രാവിലെ തൊട്ടു മാറ്റാൻ ബുദ്ധിമുട്ടാനാണ്..ചെക്കൻ വീട്ടിലെ ശീലങ്ങളുമായി പൊരുത്തപെടാൻ സമയം കൊടുക്കണം..വലിഞ്ഞു കേറി വന്നവൾ എന്നൊരു തോന്നൽ ഉണ്ടാക്കി എടുത്തിട്ട് ,പിന്നെ അടുപ്പം ഉണ്ടാകുന്നില്ല എന്നൊരു പഴിക്കു വില എന്ത്..?കുടുംബ ജീവിതം , ഫേസ് ബുക്കിലെ ചിരിയ്ക്കുന്ന പടം പോലെ മനോഹരമല്ല .,പലരുടെയും…!ഇപ്പുറത്ത് ,made for each other എന്ന കമന്റ് വാങ്ങി കൂട്ടുമ്പോഴും ,ദാമ്പത്യം ഇരുട്ടിൽ താഴ്ന്നു പോകുന്ന അവസ്ഥ ആകും അപ്പുറത്തു…!ചൂടും നീറ്റലും അസാധ്യം എന്ന അവസ്ഥ..തൊണ്ടയിൽ പഴുത്തിറക്കി ഒന്നിനുമാകാതെ നിസ്സഹായത അനുഭവിക്കുന്നവർ..വിവാഹബന്ധം വേർപെട്ടാൽ ,സമൂഹത്തിൽ പിന്നെ ഉളള അവസ്ഥ ഓർത്ത് മാത്രം മുന്നോട്ടു പോകുന്ന എത്രയോ പേരുണ്ട്..ഭാര്യയും ഭർത്തവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആകില്ല..
ചെറിയ പ്രശ്നങ്ങളെ വലുതാക്കി,ഒടുവിൽ രണ്ടു പേരിൽ ഒരാൾക്ക് ഒരു അവിഹിതം ഉണ്ടെന്നു അറിയുമ്പോൾ..കുറ്റപെടുത്താം…ആരെ?പങ്കാളിയെ.. നല്ല ദാമ്പത്യമല്ലേൽ ഇങ്ങനെ ഇരിക്കും.! പിടിച്ചു നിർത്താൻ കഴിവ് വേണം..!തുടക്കം മുതൽ കേൾക്കണം എന്ന് പറഞ്ഞാണ് പലരും സംസാരം ആരംഭിക്കുന്നത്..കേട്ടിരിക്കാറുണ്ട്..കാരണം , പ്രശ്നങ്ങൾ പല കാലഘട്ടത്തിൽ ആയിട്ടാണ് തുടങ്ങുന്നത്..പെട്ടന്ന് ഒരു ദിവസം അല്ല…ചെന്ന് കേറിയ അന്ന് നാത്തൂൻ കാണിച്ച ദുർമുഖം..അമ്മായി ‘അമ്മ മറ്റുള്ളവരുടെ മുന്നിൽ അവഹേളിച്ചത്…അതൊക്കെ പഴയ കാല കഥകൾ അല്ലെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..?ആ കഥകളുടെ തുടർച്ചയാണ് ,ഇന്നത്തെ പ്രശ്നങ്ങൾ…!കൗൺസിലോർ എന്ന നിലയ്‌ക്ക് അത് മുഴുവൻ കേൾക്കാൻ ബാധ്യസ്ഥ ആണ്..വ്യക്തി എന്ന നിലയ്ക്ക് എനിക്കത് ഉൾകൊള്ളാനും മനസ്സിലാക്കാനും സാധിക്കും..
Post Your Comments