ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍സ് സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടണിലെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനിയായ മൊണാര്‍ക്കാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയത്. ഇതോടെ യാത്രയ്ക്ക് മൊണാര്‍ക്കിനെ ആശ്രയിച്ചിരുന്ന 110000 യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 3ലക്ഷം ടിക്കറ്റുകളും എയര്‍ലൈന്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് മൊണാര്‍ക്ക് എയര്‍ലൈന്‍സ് അറിയിച്ചത്.
മൊണാര്‍ക്ക് എയര്‍ലൈനെ ആശ്രയിച്ചിരുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ 30 അധിക വിമാനങ്ങള്‍ അയക്കാന്‍ സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെലവിലുണ്ടായ വര്‍ധനയും കമ്പനികള്‍ തമ്മിലുള്ള മത്സരവും കാരണം മൊണാര്‍ക്ക് ഗ്രൂപ്പ് കുറച്ചുകാലമായി നഷ്ടത്തിലായിരുന്നെന്ന് മൊണാര്‍ക്ക് എയര്‍ലൈന്‍ വക്താവ് ബ്ലെയര്‍ നിമ്മോ പറഞ്ഞു.
മൊണാര്‍ക്ക് വിമാനം ബുക്ക് ചെയ്തിരുന്ന വിവിധയിടങ്ങളിലെ യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലൂടെ, സമാധാനകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ബ്രിട്ടന്‍ നടത്തുന്നത്. തിരികെയെത്തിക്കുന്ന വിമാനയാത്രയ്ക്ക് ആളുകളില്‍നിന്ന് പണം ഈടാക്കില്ല. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയാണ് മൊണാര്‍ക്ക്. ചാര്‍ട്ടേഡും അല്ലാത്തതുമായി വിമാന സര്‍വീസുകള്‍ യൂറോപ്പ് ആകമാനം മൊണാര്‍ക്ക് നടത്തിയിരുന്നു.
Post Your Comments