Latest NewsIndiaNews Story

“ജയ്‌ ജവാൻ ജയ്‌ കിസാൻ ” എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍മ്മിക്കുമ്പോള്‍..

1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്‍മം. ചെറിയ കുട്ടി എന്ന അര്‍ഥത്തില്‍ ‘നാനി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്. മൈലുകള്‍ അകലെയുള്ള സ്‌കൂളിലേക്കു നടന്നാണു പോയിരുന്നത്. തെരുവുറോഡുകള്‍ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും കാലില്‍ ഷൂസ് ധരിക്കാതെയായിരുന്നു നടപ്പ്. ബാല്യത്തിൽ തന്നെ (11-ാം വയസ്സായപ്പോഴേക്കും) സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരണമെന്ന ചിന്ത അദ്ദേഹത്തിൽ ശക്തമായിരുന്നു.

നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കാന്‍ മഹാത്മജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, പഠനം നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു.ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തുകൊണ്ടുള്ള ദേശീയ സ്ഥാപനങ്ങളിലൊന്നായ വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ ചേരാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. അവിടെ, മുന്‍നിര ബുദ്ധിജീവികളും ദേശീയവാദികളുമായി അടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ‘ശാസ്ത്രി’യെന്നത് വിദ്യാപീഠത്തില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച ബാച്ചിലേഴ്‌സ് ഡിഗ്രിയാണ്. ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ഇന്ത്യന്‍ രാജാക്കന്‍മാരുടെ നിലപാടിനെ വിമര്‍ശിച്ച മഹാത്മാ ഗാന്ധിയുടെ നടപടി അദ്ദേഹത്തെ ആകര്‍ഷിച്ചു.

കാശി വിദ്യാപീഠത്തിൽ പഠിച്ച അദ്ദേഹത്തിന് പഠനശേഷം 1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം മൊത്തത്തിൽ ഒൻപതു വർഷത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽ‌വാസം അനുഭവിച്ചു. 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചു കോണ്‍ഗ്രസ് അധികാരമേറ്റപ്പോഴേക്കും ശാന്തനും നാട്യങ്ങളില്ലാത്ത വ്യക്തിത്വത്തിനുടമയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1946ല്‍ രൂപീകൃതമായ ഗവണ്‍മെന്റിന്റെ ഭാഗമാകാനും അതുവഴി ഭരണത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കാനുമുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു.

സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ പാര്‍ലമെന്ററി സെക്രട്ടറിയായാണ് ആദ്യം നിയമനം ലഭിച്ചത്. വൈകാതെ ആഭ്യന്തര മന്ത്രിയായി. യു.പിയില്‍ കഴിവിന്റെയും കഠിനാധ്വനത്തിന്റെയും പ്രതീകമായാണ് അദ്ദേഹം അറിയപ്പെട്ടത്. 1951-ൽ അദ്ദേഹം ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയിൽ‌വേ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടർന്ന് രാജിവെച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ൽ ഗതാഗതമന്ത്രിയായി.1964 മെയ് 27-ന് ജവഹർലാൽ നെഹ്റു അന്തരിച്ചു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവുസൃഷ്ടിച്ചു.

കോൺഗ്രസിലെ അന്നത്തെ പ്രധാന നേതാക്കൾക്ക് സ്വന്തം പാർട്ടിഅംഗങ്ങളിൽ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാർത്ഥിയായി മുന്നോട്ടുവെക്കുവാൻ കാരണമായി. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യവും ‘നിങ്ങൾ ദിവസം ഒരുനേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരുനേരത്തെ ഭക്ഷണം ലഭിക്കുന്നു’ എന്ന ചിന്താഗതിയും ശാസ്ത്രിയുടെ സംഭാവനയാണ്.രാജ്യത്തിനായി 30 വര്‍ഷം സ്വയം സമര്‍പ്പിച്ച ചരിത്രമുണ്ട്, അദ്ദേഹത്തിന്. ആര്‍ജവത്തിന്റെയും മല്‍സരക്ഷമതയുടെയും ആള്‍രൂപമെന്ന പേര് കാലക്രമേണ അദ്ദേഹം നേടി.

വിനയവും സഹനശക്തിയും മനക്കരുത്തും ദൃഢചിത്തതയും പുലര്‍ത്തുകയും ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രി, സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്ന നേതാവായിരുന്നു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മഹാത്മാഗാന്ധി പകര്‍ന്നുനല്‍കിയ രാഷ്ട്രീയ പാഠങ്ങള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വളരെയധികം സ്വാധീനിച്ചു. ഗുരുസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്‍തുടര്‍ന്ന അ്‌ദേഹം ‘കഠിനാധ്വാനം പ്രാര്‍ഥനയ്ക്കു തുല്യമാണെ’ന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നു ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയ മാതൃകയായിത്തീരുകയായിരുു, ലാല്‍ ബഹദൂര്‍ ശാസ്ത്രി.

1966 ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ റഷ്യയിലെ താഷ്കന്റിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമാണ്. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാർ ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം (ഔദ്യോഗികമായി) ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി. മൃതദേഹം ഇന്ത്യയിൽ കൊണ്ടുവന്ന ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിനൊപ്പം ഓർക്കപ്പെടേണ്ട ഒരു ജന്മദിനം ആണ് ലാൽ ബഹാദൂർ ശാസ്ത്രിയെന്ന മഹാനായ സ്വാതന്ത്ര്യ സമര പോരാളിയുടെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button