KeralaLatest NewsNews

151 എസ്ബിഐ ശാഖകള്‍ അടച്ചുപൂട്ടും

കൊല്ലം: സംസ്ഥാനത്തെ 151 എസ്ബിഐ ശാഖകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. കൂട്ട സ്ഥലംമാറ്റത്തിനുപിന്നാലെയാണ് സംഭവം. എസ്ബിഐ-എസ്ബിടി ലയനസമയത്ത് ശാഖകള്‍ പൂട്ടില്ലെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ജീവനക്കാരെ പ്രതിസന്ധിയിലാക്കിയാണ് ഇങ്ങനെയൊരു തീരുമാനം.

സംസ്ഥാനത്തെ വിവിധ ശാഖകളിലെ 114 ചീഫ് മാനേജര്‍ ഗ്രേഡിലുള്ള സീനിയര്‍ മാനേജര്‍മാരെ കൊല്‍ക്കത്ത, ഭോപാല്‍, മുംബൈ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്ക്് സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു. കോഴിക്കോട് 34 ശാഖയും എറണാകുളത്ത് 23, കോട്ടയത്ത് 19, തിരുവനന്തപുരത്ത് ഏഴ് ശാഖയും അടക്കമുള്ളവ പൂട്ടാനാണ് തീരുമാനം.

മുംബൈ കോര്‍പറേറ്റ് സെന്ററില്‍നിന്ന് തിരുവനന്തപുരം എസ്ബിഐ ലോക്കല്‍ ഹെഡ് ഓഫീസില്‍ ഉത്തരവ് എത്തി. ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് മാറ്റുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ ഒരു മാസത്തെ കാലാവധി നല്‍കണമെന്ന് ഉത്തരവിലുണ്ട്. അതിനുശേഷം പൂട്ടാനാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 31നകം നടപടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിക്കുന്നു.

പൂട്ടുന്ന ശാഖകളില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലുള്ളതാണ്. ഈ ശാഖകളിലുള്ള ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച് ഉത്തരവില്‍ ഇല്ല. കൊല്ലം ജില്ലയിലെ അഞ്ചല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ എസ്ബിഐ പുതുതായി തുടങ്ങിയ ബ്രാഞ്ചുകള്‍ ലാഭകരമല്ലെന്നു കാട്ടി കഴിഞ്ഞ മാസം പൂട്ടിയിരുന്നു. ഒരു ബ്രാഞ്ചില്‍നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൗണ്ടുകള്‍ മാറ്റുന്നതോടെ ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ടിലാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button