ശ്രീനഗര്‍: പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യ നല്‍കുകയെന്ന് ഫ്ലാഗ് മീറ്റിങ്ങില്‍ ബിഎസ്‌എഫ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനപരമായ വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം.
അതിര്‍ത്തിയില്‍ സാഹചര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലായിരുന്നതിനാല്‍ ഏഴു മാസത്തിനു ശേഷമാണ് ഇരുകൂട്ടരും തമ്മിലുള്ള ഒരു ഫ്ലാഗ് മീറ്റിങ് നടക്കുന്നത്. ഇതിനു മുന്‍പ് മാര്‍ച്ച് ഒന്‍പതിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലെ സുചേത്ഗഢ് മേഖലയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പാകിസ്ഥാന്റെ പ്രകോപനപരമായ ഏതു നടപടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ.
പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണസേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്സ്-ബിഎസ്‌എഫ് സീനിയര്‍ സെക്ടര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ചയിലാണ് മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ ഉണ്ടായ വെടിവയ്പില്‍ ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍മാരായ ബ്രിജേന്ദ്ര ബഹദൂറും കെ.കെ.അപ്പാ റാവും വീരമൃത്യു വരിച്ച സംഭവത്തിലും രൂക്ഷമായ ഭാഷയിലായിരുന്നു പാകിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ തുടരുമെന്ന് ധാരണയായതായും വക്താവ് അറിയിച്ചു. നേരത്തേ നടന്ന കൂടിക്കാഴ്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും തീരുമാനമായി. സെപ്റ്റംബര്‍ നാലിനുണ്ടായ വെടിവയ്പില്‍ ഒരു വനിത കൊല്ലപ്പെട്ടതിലും ഇന്ത്യ പ്രതിഷേധമറിയിച്ചു.
Post Your Comments