Latest NewsIndiaNews

വ്യത്യസ്തമായ രാത്രിനിയമവുമായി ജാമിയ സര്‍വകലാശാല

ന്യൂഡല്‍ഹി: വ്യത്യസ്തമായ രാത്രിനിയമവുമായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ പോലീസ് ആക്രമിച്ചതിനെതിരേ വന്‍പ്രതിഷേധം ഉയരുന്നതിനിടെയാണ് ജാമിയ പുതിയ ചട്ടവുമായി രംഗത്തെത്തിയത്. രാത്രി ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങണമെങ്കില്‍ അച്ഛന്റെ അനുമതി വേണമെന്നാണ് പുതിയ ചട്ടം.

ഹോസ്റ്റല്‍ വാര്‍ഡനെ പുറത്തിറങ്ങാന്‍ അനുവദിച്ചുള്ള അച്ഛന്റെ ഫോണ്‍ സന്ദേശം കാണിക്കണം. മറ്റൊരു പ്രത്യേകത നിയമം പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ബാധകമെന്നുള്ളതാണ്. ഇതു ബിരുദ വിദ്യാര്‍ഥിനികള്‍മുതല്‍ ഗവേഷണ വിദ്യാര്‍ഥിനികള്‍വരെയുള്ളവര്‍ക്ക് ബാധകമാണ്.

വിദ്യാര്‍ഥിനിയുടെ പേരും ഹോസ്റ്റല്‍ മുറിയുടെ നമ്പറുമടക്കമുള്ള വിവരങ്ങള്‍ സന്ദേശത്തില്‍ ചേര്‍ത്തിരിക്കണം. ഹോസ്റ്റലില്‍ അവധിയായ ദിവസങ്ങളുടെ വിശദാംശങ്ങളും നല്‍കണം. അമ്മയെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് അച്ഛന്റെ സമ്മതം നിര്‍ബന്ധമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

പെണ്‍കുട്ടികളുടെ സംഘടന ഇതിനെതിരേ പ്രിന്‍സിപ്പല്‍ അസ്ര ഖുര്‍ഷീദിന് പരാതിനല്‍കി. നിയമം ഒരു മുന്നറിയിപ്പും കൂടാതെയാണ് നടപ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും എന്തിനും ഏതിനും മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

പുതിയ നിബന്ധന അച്ചടക്കത്തിന്റെ ഭാഗമായാണ് ഏര്‍പ്പെടുത്തിയതെന്ന് അസ്ര അറിയിച്ചു. മാതാപിതാക്കളെ കാണാനാണ് പോകുന്നതെന്നു പറഞ്ഞ് വേറെ സ്ഥലങ്ങളിലേക്കാണ് പലരും പോകുന്നത്. ആണ്‍കുട്ടികളുടേതിനേക്കാള്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button