പാറ്റ്ന: 98-ാം വയസിൽ ബിരുദാനന്തരബിരുദം ! കേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ഞെട്ടും. ബീഹാര്‍ സ്വദേശിയായ രാജ് കുമാറാണ് 98-ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി ലോകത്തെ ഞെട്ടിച്ചിരിയ്ക്കുന്നത്. പാറ്റ്ന നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് രാജ് കുമാര്‍ ബിരുദാനന്തരബിരുദം നേടിയത്.
എംഎ നേടാനുള്ള തന്റെ ആഗ്രഹം ബന്ധുക്കളോട് അറിയിച്ചു. എന്നാൽ അവർ നിരുത്സാഹപ്പെടുത്തിയില്ല. ഒടുവിൽ താൻ ലക്ഷ്യം കണ്ടു- രാജ് കുമാർ പറഞ്ഞു. പരീക്ഷയ്ക്കായി പഠിക്കുന്നതിന് അതിരാവിലെ ഉണരുമായിരുന്നു. ഈ പ്രായത്തിൽ പഠനം വളരെ എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.
2016 ൽ ആണ് ആദ്യ വർഷ പരീക്ഷ അദ്ദേഹം എഴുതിയത്. രണ്ടാം വർഷ പരീക്ഷ 2017 ലും എഴുതി. ഇംഗ്ലീഷിൽ പരീക്ഷയെഴുതിയ രാജ് കുമാർ ഓരോ പരീക്ഷയ്ക്കും രണ്ട് ഡസൻ ഷീറ്റുകളെങ്കിലും ഉപയോഗിച്ചിരുന്നതായും സർവകലാശാല അധികൃതർ പറയുന്നു. ബിരുദാനന്തര ബിരുദത്തിന് അപേക്ഷ നൽകിയ പ്രായം കൂടിയ ആളെന്നനിലയിൽ രാജ് കുമാർ ലിംക ബുക്കിൽ ഇടംപിടിച്ചിരുന്നു.
ഉത്തർപ്രദേശിലെ ബറേലിയാണ് രാജ് കുമാറിന്റെ ജന്മദേശം. ആഗ്രാ സർവകലാശാലയിൽനിന്നും 1938 ൽ അദ്ദേഹം ബിരുദം സ്വന്തമാക്കി. 1940 ൽ നിയമത്തിലും ബിരുദം നേടി. ഈ പ്രായത്തിലും രാജ് കുമാർ കണ്ണാടിയില്ലാതെയാണ് വായിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിയും.
Post Your Comments