ബംഗളൂരു: കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ് എന്ന വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്.
ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്നും എന്‍സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് വിശ്വാസ്. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ ഗൂണ്ട ആജ്ഞനേയ ക്ഷേത്രക്കുളത്തിലെത്തുകയായിരുന്നു. നീന്തലറിയാത്ത വിശ്വാസും ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങി.
എന്നാല്‍ നീന്തല്‍ കുളത്തില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ വിശ്വാസ് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. നീന്തല്‍ കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് തങ്ങള്‍ അറിഞ്ഞതെന്ന് സുഹൃത്തുകള്‍ പറഞ്ഞു. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്.വിദ്യാര്‍ഥി സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
അതേസമയം മകന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അധ്യാപകരുടേയും എന്‍സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു.
Post Your Comments