തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമത്തിനായി ഷാര്‍ജ ഭരണാധികാരിയ്ക്ക് കേരളം ഏഴ് ആവശ്യങ്ങള്‍ അടങ്ങിയ രേഖ സമര്‍പ്പിച്ചു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും കൂടിക്കാഴ്ച നടത്തി. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ കേരളം ഏഴ് പദ്ധതികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു.
കേരളം മുന്നോട്ടുവച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും
ഷാര്‍ജ ഫാമിലി സിറ്റി
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ 10 അപ്പാര്‍ട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്കു ചികിത്സാ സേവനം ലഭിക്കും.
ഷാര്‍ജയില്‍ രാജ്യാന്തര വിദ്യാഭ്യാസ സംരംഭം
രാജ്യാന്തര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഷാര്‍ജയില്‍ സാംസ്‌കാരിക കേന്ദ്രം
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിനു വേണ്ടി ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിനു ഷാര്‍ജയില്‍ സൗകര്യം – ഇവയാണു സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.
ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും
ഷാര്‍ജയില്‍നിന്നു വരുന്ന അതിഥികള്‍ക്കു വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദ ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കും.
പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍
അടുത്ത നാലു വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണു കേരളം വിഭാവനം ചെയ്യുന്നത്. ഐടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.
ഐടി മേഖലയില്‍ കേരളം – ഷാര്‍ജ സഹകരണം
ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിനു പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിനു മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനു പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും ബാക്ക് ഓഫിസ് ഓപ്പറേഷന്‍സ് കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.
ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്ടര്‍മാരും സ്‌പെഷലിസ്റ്റുകളും ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിനു സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.
Post Your Comments