ടെഹ്റാൻ: യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കെയാണ് ഇറാന്റെ പരീക്ഷണം. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. യുഎസ് മിസൈൽ പരീക്ഷണങ്ങൾക്കെതിരെ നൽകിയ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇറാന്റെ നീക്കം.
ഇറാൻ ദേശീയ ടെലിവിഷൻ ചാനലും ഖൊറംഷർ മിസൈൽ വിജയകരമായി പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ വലിയ സൈനിക പരേഡിന്റെ ദൃശ്യങ്ങൾ കാട്ടിയശേഷമാണ് ചാനൽ സംപ്രേഷണം ചെയ്തത്. എന്നാണ് മിസൈൽ പരീക്ഷിച്ചതെന്നു ചാനൽ വെളിപ്പെടുത്തിയിട്ടില്ല.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇതിനു മുൻപ് ഇറാൻ നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം പ്രകോപിപ്പിച്ചിട്ടുള്ള സ്ഥിതിക്കു പുതിയ പരീക്ഷണത്തോട് ഇവർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാന്റെ നടപടി യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തിനു വിരുദ്ധമാണെന്നു യുഎസ്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ആരോപിക്കുകയും ചെയ്തു. എന്നാൽ, വിക്ഷേപണം രക്ഷാസമിതിയുടെ നിർദേശങ്ങൾക്കു വിരുദ്ധമല്ലെന്നാണ് ഇറാന്റെ വാദം.
Post Your Comments