ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യക്ക് തിരിച്ചടി. യുദ്ധവിമാനങ്ങളിലെ പിഴവ് ഏറ്റെടുക്കില്ലെന്ന് യുഎസ് പ്രതിരോധ കമ്പനികൾ. ഇന്ത്യക്കു വേണ്ടി മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവിടെത്തന്നെ നിർമിക്കുന്ന യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്ന് കമ്പനികൾ അറിയിച്ചു. മാത്രമല്ല, നിർമാണ സമയത്തോ ശേഷമോ ഉണ്ടാകാവുന്ന പിഴവുകളുടെ ബാധ്യത ഏറ്റെടുക്കില്ലെന്നും കമ്പനികൾ വ്യക്തമാക്കി. അമേരിക്കൻ കമ്പനികൾക്ക് കരാറിന്റെ ഭാഗമായി നൂറുകണക്കിന് കോടി രൂപയുടെ നേട്ടമാണ് ഉണ്ടാവുക.
ഇക്കാര്യങ്ങൾ യുഎസ് ആയുധ നിർമാണ കമ്പനികൾ യുഎസ്–ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) മുഖേന പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ചൂണ്ടിക്കാട്ടിയത്. പദ്ധതിയിൽ മനുഷ്യശേഷി ഉൾപ്പെടെ രാജ്യത്തെ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും വിതരണവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ യുഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പിഴവുകളിൽ ബാധ്യതയില്ലെന്ന പ്രഖ്യാപനം പദ്ധതിക്ക് വലിയ തിരിച്ചടിയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ സേനയ്ക്കായി യുദ്ധ വിമാനങ്ങൾ നിർമിക്കാൻ ലോക്ഹീഡ് മാർട്ടിൻ, ബോയിങ് എന്നീ കമ്പനികളാണ് സന്നദ്ധത അറിയിച്ചത്. ഇന്ത്യയുടെ പക്കൽ സോവിയറ്റ് കാലത്തെ മിഗ് വിമാനങ്ങളാണ് കൂടുതലും. ഇവ മാറ്റി കരുത്തുറ്റ വിമാനങ്ങൾ സേനയിലേക്ക് ചേർക്കാനാണ് യുഎസ് കമ്പനികളുമായി സഹകരിക്കാൻ കേന്ദ്രം തീരുമാനിച്ചത്. കമ്പനികൾ സമ്മതം അറിയിച്ചത് ഇന്ത്യയുടെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന ദൗത്യങ്ങളുടെ വിജയമായാണ് അടയാളപ്പെടുത്തിയത്.
Post Your Comments