തിരുവനന്തപുരം: ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച രണ്ടു പേർക്കുകൂടി എച്ച്ഐവി ബാധിച്ചിരിക്കാമെന്ന് സംശയം. ആർസിസിയിൽ ചികിൽസയിലിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടിക്ക് എച്ച്ഐവി രോഗം ബാധിച്ചുവെന്നു സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ സംശയം. ഈ രോഗം കുട്ടിക്കു രക്തം നൽകിയ ദാതാവിൽ നിന്നു രക്തം സ്വീകരിച്ചവർക്കും ബാധിക്കാം.
മൂന്നുപേർക്കുവരെ ഒരു ദാതാവിൽ നിന്ന് എടുക്കുന്ന രക്തത്തിൽ നിന്നു പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെൽസ് എന്നിവ വേർതിരിച്ചു ഉപയോഗിക്കാറുണ്ട്. പ്ലേറ്റ്ലറ്റാണു കുട്ടിക്കു നൽകിയിരിക്കുന്നത്. പ്ലാസ്മയും റഡ് ബ്ലഡ് സെൽസും മറ്റു രണ്ടുപേർക്കും നൽകിയിരിക്കാം. ആർസിസിയിലെ രേഖകൾ അനുസരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.. മെഡിക്കൽ കോളജ് പൊലീസും രക്തദാതാക്കളായ 49 പേരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. രക്തത്തിലെ പ്ലേറ്റ്ലറ്റ് ഘടകം കുട്ടിക്കു 49 തവണ നൽകിയിട്ടുണ്ട്.
ഇപ്പോൾ ദാതാക്കളുടെ ജീവിതസാഹചര്യവും സ്വഭാവവും നിരീക്ഷിക്കുകയാണ്. തുടർന്നു സംശയമുള്ളവരെ വിളിച്ചുവരുത്തി പരിശോധനയ്ക്കു വിധേയമാക്കും. ദാതാക്കളുടെ കൂട്ടത്തിൽ പണത്തിനുവേണ്ടി രക്തം വിൽക്കുന്നവർ ഉണ്ടെന്നു സംശയിക്കുന്നു. ആർസിസി കൈമാറിയ ദാതാക്കളുടെ പട്ടികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉണ്ട്. അതിനാലാണു രക്തം വിൽക്കുന്നവർ ഉണ്ടോയെന്നു നോക്കുന്നത്.
അതിനിടെ എച്ച്ഐവി ബാധ ആർസിസിയിൽ ചികിൽസയിൽ കഴിയുന്ന ഇടുക്കി സ്വദേശിയായ പെൺകുട്ടിക്ക് ഉണ്ടായെന്ന സംശയത്തിൽ പരിശോധനകൾ ആരംഭിച്ചു. രോഗം സംശയിക്കുന്നത് ഒപിയിൽ ചികിൽസ തേടുന്ന കുട്ടിക്കാണ്. പേപ്പട്ടി വിഷബാധയ്ക്കു ഈ കുട്ടിക്കു നേരത്തെ കുത്തിവയ്പെടുത്തിരുന്നു. അതിനുശേഷം രക്തപരിശോധന നടത്തിയാൽ കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എച്ച്ഐവിയുടെ കാര്യത്തിലും വ്യത്യസ്തമായ ഫലമായിരിക്കും ലഭിക്കുക.
Post Your Comments