ബെയ്ജിങ്: ദക്ഷിണേഷ്യയിലേക്ക് ചൈനയുടെ നാലുവരിപ്പാത. ചൈന ഗതാഗതത്തിനായി ടിബറ്റിൽ നിന്നു നേപ്പാൾ അതിർത്തി വരെ നീളുന്ന നാലുവരി ഹൈവേ തുറന്നുകൊടുത്തു. ചൈന ഹൈവേ തന്ത്രവുമായി രംഗത്തെത്തുന്നത് ഇന്ത്യയുമായി രണ്ടുമാസത്തിലേറെ നീണ്ട അതിർത്തി സംഘർഷത്തിനു പിന്നാലെയാണ്.
ചൈനീസ് മാധ്യമങ്ങൾ ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ എന്നാണ് പുതിയ പാതയെ വിശേഷിപ്പിച്ചത്. ഇത് സൈനിക വിമാനങ്ങൾക്കു ലാൻഡ് ചെയ്യാനും സൈനിക വാഹനങ്ങൾക്കു സഞ്ചരിക്കാനും കഴിയുന്ന പാതയാണ്. 25 മീറ്ററാണ് വീതി. 40 കിലോമീറ്ററാണ് ഷിഗാസെ നഗരത്തിൽ നിന്ന് ഷിഗാസെ വിമാനത്താവളത്തിലേക്കുള്ള ദൂരം. ഒരു മണിക്കൂറായിരുന്ന യാത്രാസമയം അര മണിക്കൂറായി കുറയ്ക്കാൻ പുതിയ പാത സഹായിക്കും.
ഷിഗാസെ വിമാനത്താവളം സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനാൽ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾക്ക് പുതിയ പാത സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ ഹൈവേ ഷിഗാസെ–ലാസ റെയിൽപാതയ്ക്ക് സമാന്തരമാണ്. ചൈനയിലെ ഷാങ്ഹായിൽ നിന്നു ടിബറ്റിലെ ലാസ വഴി നേപ്പാൾ അതിർത്തിപ്രദേശമായ സംഗമുവിലേക്കു നീളുന്ന ജി 319 ദേശീയപാതയുമായി ഹൈവേ ചേരുന്നുണ്ട്.
ചൈന ടിബറ്റിൽ നിന്നു നേപ്പാൾ അതിർത്തിയിലേക്കു ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചു വരികയാണ്. ഷിഗാസെയിൽ നിന്നുള്ള ജി 318 ദേശീയ പാതയുടെ ഒരു ഭാഗം അരുണാചൽപ്രദേശ് അതിർത്തിക്കു സമീപമുള്ള ടിബറ്റൻ നഗരമായ നിഗ്ചിയെ ബന്ധിപ്പിക്കുന്നു. അഞ്ച് വർഷത്തിനിടെ, ടിബറ്റിലെ ഹൈവേകളുടെ നിലവാരം ഗണ്യമായി വർധിച്ചതായി ചൈനീസ് മാധ്യമമായ സിൻഹുവാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Post Your Comments