KeralaLatest NewsNews

ഭക്ഷ്യ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്‍ക്കെതിരെ ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ്

ഭക്ഷ്യ -പൊതുവിതരണ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്‍ക്കെതിരെയുളള സംസ്ഥാനതല ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് രണ്ട് ടീമുകളായി പുന:സംഘടിപ്പിച്ച് ഉത്തരവായി.
ഭക്ഷ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സേവനവും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, ഡയറക്ടറേറ്റ്, ലീഗല്‍ മെട്രോളജി എന്നിവിടങ്ങളില്‍ നിന്നുളള അനുയോജ്യരായ ഉദ്യോഗസ്ഥരുടെ സേവനവും ആവശ്യമെങ്കില്‍ ഇന്‍സ്‌പെക്ഷന് ഉപയോഗപ്പെടുത്തും.

റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ, മാവേലി സ്റ്റോറുകളുടെയും /സപ്ലൈകോ ഔട്ട് ലെറ്റുകളുടെയും സപ്ലൈകോ ഗോഡൗണുകളുടേയും ഇന്റര്‍ മീഡിയറി ഗോഡൗണുകളുടെയും പ്രവര്‍ത്തനം, ഗാര്‍ഹിക ആവശ്യത്തിനുളള ഗ്യാസ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ, ഗ്യാസ് ബുക്ക് ചെയ്ത് ക്രമപ്രകാരം വിതരണം നടത്തുന്നുണ്ടോ അളവുതൂക്ക ഉപകരണങ്ങള്‍ ശരിയായ വിധം പ്രവര്‍ത്തിക്കുന്നതാണോ, പാക്കേജ്ഡ് സാധനങ്ങളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ, തെറ്റായ കച്ചവട രീതികള്‍ നടത്തുന്നുണ്ടോ, സാധനങ്ങള്‍ക്ക് അധിക വില ഈടാക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ ജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ടോ, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകള്‍ നിശ്ചിത സമയ പരിധിക്കകം ലഭിക്കുന്നുണ്ടോ, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടോ, എസ്.ടി.പി സ്‌കീം വഴി വാങ്ങിയ സാധനങ്ങള്‍ക്ക് രജിസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ടോ, മെയിന്റനന്‍സ് നടക്കുന്നുണ്ടോ, എസ്.ടി.പി സ്‌കീം വഴി വാങ്ങിയ വാഹനങ്ങള്‍ ശരിയായ വിധത്തിലാണോ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങളുടെ രേഖകളും പരിശോധിക്കും.

ജില്ലാ സപ്ലൈ ഓഫീസര്‍/ താലൂക്ക് സപ്ലൈ ഓഫീസര്‍/ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ടോ, പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, പെട്രാള്‍ പമ്പുകളില്‍ അളവ് മുദ്ര പതിപ്പിക്കുന്നത് ശാസ്ത്രീയമായ രീതിയില്‍ നിലവിലുളള നിര്‍ദേശാനുസരണമാണോ, തൃപ്തികരമല്ലാത്ത സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പുനരന്വേഷണത്തിന് ശുപാര്‍ശ നല്‍കും.

ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ലഭിക്കുന്ന പരാതികളും പരിശോധിച്ച് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധനാവേളയില്‍ കണ്ടുപിടിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വികരിക്കും. സ്‌ക്വാഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ/ജില്ലാ കളക്ടറുടെ സഹായവും തേടുമെന്നും ഉത്തരവില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button