Latest NewsNewsInternational

ഉപരോധത്തിലൊന്നും ഉത്തരകൊറിയ പതറില്ല : ഉത്തര കൊറിയയുടെ രക്ഷയ്ക്ക് ബിറ്റ്‌കോയിന്‍ ഉണ്ട്

പ്യോങ്യാങ് : തുടര്‍ച്ചയായി മിസൈല്‍, അണുബോംബ് പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ യുഎന്‍ രാജ്യങ്ങള്‍ ശക്തമായ ഉപരോധം നടപ്പിലാക്കാന്‍ പോകുകയാണ്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം. എന്നാല്‍ കിം ജോങ് ഉന്നിന് മുന്നില്‍ ഈ ഉപരോധത്തിന് കീഴടങ്ങില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സേവനം തുടരുന്നിടത്തോളം കാലം ഉപരോധത്തെ കിമ്മിന് ഭയക്കേണ്ടതില്ല. എവിടെയും എപ്പോഴും രഹസ്യമായി കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ് ബിറ്റ്‌കോയിന്‍. സൈബര്‍ സാങ്കേതിക രംഗത്ത് വന്‍ ശക്തിയായ ഉത്തര കൊറിയയ്ക്ക് മുന്നില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരവധി വഴികളുണ്ട്. ലോകബാങ്കുകള്‍ കൊള്ളയടിക്കാന്‍ വരെ ശേഷിയുള്ള സൈബര്‍ സംഘങ്ങള്‍ ഉത്തരകൊറിയയിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്.

ഉത്തരകൊറിയയുടെ ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പ്രസ് സ്‌കൈ തന്നെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഉത്തരകൊറിയന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന സൈബര്‍ പടയാളികളാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും കാസ്പ്രസ് സ്‌കൈ പറയുന്നു. അതെ, ഉപരോധം ശക്തമാകുന്നതോടെ പണത്തിനായി വീണ്ടും ലോകബാങ്കുകള്‍ ഇവര്‍ കൊള്ളയടിക്കുമെന്നാണ് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷ ശക്തമല്ലാത്ത രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിക്കാനുള്ള ശേഷി ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കുണ്ട്.

ബംഗ്ലാദേശ്, ഇക്വഡോര്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കെതിരെ ഉയര്‍ന്നതാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യ അടക്കം 18 രാജ്യങ്ങളിലെ ബാങ്കുകള്‍ ഇവരുടെ ലക്ഷ്യമാണ്. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്ലണ്ട്, തായ്വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നത്.

2015 മുതലാണ് ലസാറുസ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വിയറ്റ്നാമീസ് കൊമേഴ്സ്യല്‍ ബാങ്കായിരുന്നു ഇവരുടെ ആദ്യകാല ഇരകളിലൊന്ന്. ആഫ്രിക്കയിലെ ഗാബോണിലേയും നൈജീരിയയിലേയും ബാങ്കുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് കാസ്പ്രസ് സ്‌കൈ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button