മുംബൈ: ഒരു പൂജ്യം കാരണം റിയ പിള്ളയ്ക്കു നഷ്ടമായത് 90 ലക്ഷം രൂപ. വർഷങ്ങളുടെ നിയമപോരാട്ടത്തിനുശേഷം കോടതിയിൽ പൂജ്യം ഒഴിവായപ്പോഴാണ് ഇത്രയും വലിയ നഷ്ടമുണ്ടായത്.
2014 ൽ ഒരു വിവാഹമോചന വേളയിൽ ടെന്നീസ് താരം ലിയാൻഡർ പേസിൽ നിന്നും റിയ പിള്ള ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നു. ഇതിനായി കോടതിയിൽ ഹർജി നൽകിയിരുന്നു. പീഡനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. പക്ഷേ ഇതു കോടതിയിൽ സമർപ്പിച്ച വക്കീലിനു സംഭവിച്ച പിഴവാണ് 90 ലക്ഷം നഷ്ടമാകാനുള്ള കാരണം. ഒരു പൂജ്യം ചേർക്കാൻ വക്കീൽ വിട്ടു പോയി. അങ്ങനെ ഒരു കോടി രൂപ പത്തു ലക്ഷം രൂപയായി പരിണമിച്ചു.
കഴിഞ്ഞദിവസം വാദം കേട്ടപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം രൂപയെന്ന വാദം വക്കീലിനെയും റിയയും അമ്പരിപ്പിച്ചു. അപ്പോഴാണ് വിലപ്പെട്ട പൂജ്യം വിട്ടു പോയ വിവരം മനസിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട അഭിഭാഷകരായ ഗുഞ്ജൻ മംഗളയും അംന ഉസ്മാനും ആവശ്യപ്പെട്ട തുകയിൽ ഒരു പൂജ്യം എഴുതാൻ മറന്നു പോയതായി ജഡ്ജി മഹേഷ് ജത് മലാനിയെ അറിയിച്ചു. കോടതിയുടെ അന്വേഷണത്തിൽ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയിരുന്നു. എന്തായാലും ഒരു പൂജ്യം എഴുതി ചേർക്കാൻ വിട്ടുപോയതാണെന്ന് കാട്ടി അഭിഭാഷകർ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കുട്ടിയുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതിൽ പേസ് പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് റിയ ഹർജി നൽകിയിരിക്കുന്നത്. 2010ൽ സ്കൂളിൽ ചേർത്ത കുട്ടിയുടെ ഫീസും കാര്യങ്ങളും 2013 മുതലാണ് പേസ് വഹിച്ചു തുടങ്ങിയതെന്നും ജനിച്ചപ്പോൾ മുതൽ അതുവരെയുള്ള കുട്ടിയുടെ ചിലവുകൾ താൻ ഒറ്റയ്ക്കാണു വഹിച്ചതെന്നും ഇവർ പറയുന്നു. കുട്ടിയെ മാനസികമായും സാമ്പത്തികമായും പിന്തുണയ്ക്കാൻ പേസ് പരാജയപ്പെട്ടുവന്നും ഇവർ ആരോപിക്കുന്നു. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസിൽ നിന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
Post Your Comments