KeralaLatest NewsNews

പ്രശസ്ത സിനിമാ നിര്‍മാതാവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം : പ്രതി അറസ്റ്റില്‍

 

കൊച്ചി: കതൃക്കടവ് എടശേരി ബാറിനു സമീപം പ്രശസ്ത സിനിമാ നിര്‍മാതാവ് സുബൈറിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം. കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. എളംകുളം വില്ലേജ് ഗാന്ധിനഗര്‍ കമ്മട്ടിപ്പാടം ഭാഗത്ത് ചെറുതോട്ടില്‍ വീട്ടില്‍ നിന്നും തമ്മനം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ഫ്രെഡി ബാബു ആല്‍ബര്‍ട്ട് എന്ന ഫ്രെഡി (22)യെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ: കെ.ജെ. പീറ്റര്‍ അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് പ്രതി മതില്‍ ചാടി ഓടിയെങ്കിലും പിന്തുടര്‍ന്ന ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

മാര്‍ച്ച് 29 നു രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘം ബാറില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസിനെ വിളിക്കുമെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാറിനോടനുബന്ധിച്ചുള്ള എടശേരി ലോഡ്ജില്‍ താമസിച്ചിരുന്ന സിനിമാ പ്രവര്‍ത്തകരെ കാണാന്‍ ഫോണില്‍ സംസാരിച്ചുവന്ന സുബൈറിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുബൈര്‍ പോലീസിനെ വിളിക്കുകയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.

തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ സുബൈറിനെ സഹപ്രവര്‍ത്തകരും ബാര്‍ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചുകിട്ടിയ സുബൈറിന്റെ മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിനെയും പ്രതികള്‍ ഇരുമ്പ് പൈപ്പിനടിച്ച് തലയ്ക്കു പരുക്കേല്‍പ്പിച്ചിരുന്നു. ബാറിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളില്‍ നിന്നുകിട്ടിയ വിവരങ്ങളുടെയും സഹായത്തോടെ പ്രതികളുടെ രൂപരേഖ തയാറാക്കിയാണു പോലീസ് അന്വേഷണം നടത്തിയത്. നഗരത്തിലെ പ്രമുഖരുടെ മക്കളടങ്ങുന്ന കേസിലെ മറ്റു പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു.

ഒളിവില്‍ കഴിഞ്ഞ ഫ്രെഡി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ്.

shortlink

Post Your Comments


Back to top button