Latest NewsKeralaNewsBusiness

വിപണിയിൽ ഇനി കുടുംബശ്രീ പാലും

തിരുവനന്തപുരം:ഇനി മുതൽ ശുദ്ധമായ പാൽ കുടുംബശ്രീയിൽ നിന്ന് വാങ്ങാം. കുടുംബശ്രീയുടെ കൈയൊപ്പ് ചാര്‍ത്തി പുറത്തിറക്കുന്ന ‘കുടുംബശ്രീ ഫാം ഫ്രഷ് മില്‍ക്ക്’ എന്ന ശുദ്ധമായ പാല്‍ താമസിയാതെ തന്നെ സംസ്ഥാനത്ത് എല്ലായിടത്തും എത്തും.     പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് അടുത്ത ആഴ്ച കൊല്ലം ജില്ലയില്‍ തുടക്കമാവും. ഗുണമേന്മയും തനിമയും ചോരാതെ, കറന്നെടുത്ത് പാല്‍ രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളില്‍ രാവിലെയും വൈകിട്ടുമായി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അര ലിറ്റര്‍ പാല്‍ 26 രൂപയ്ക്കാവും വില്‍ക്കുക. സ്വകാര്യ ജൈവ ഉല്‍പന്ന വിപണന മാളുകളില്‍ നിലവില്‍ ഒരു ലിറ്റര്‍ പാലിന് 70രൂപയാണ്. പാല്‍ വിതരണരംഗത്ത് നിലനില്‍ക്കുന്ന ചൂഷണത്തെ പ്രതിരോധിക്കാനും ഗുണമേന്മയുള്ള പാല്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഇങ്ങനെയൊരു സംരഭം ആരംഭിക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വന്തം ഫാമുകളിലെ പശുക്കളില്‍ നിന്ന് പാല്‍ പ്രത്യേക യൂണിറ്റ് വഴി ശേഖരിച്ചാവും വിതരണം. അഞ്ച് അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ ക്ളസ്റ്ററുകളാക്കി ഒരാള്‍ക്ക് രണ്ട് പശു വീതം ലഭ്യമാക്കും. സബ്സിഡി പ്രകാരം പശുക്കളെ വാങ്ങാനുള്ള സഹായവും ലഭ്യമാക്കും. ഇങ്ങനെയുള്ള 10 ഗ്രൂപ്പുകളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പാല്‍ ഉല്‍പാദനവും സംഭരണവും. കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാവും മാര്‍ക്കറ്റിങ് ശൃംഖല.

ഗുണമേന്മാപരിശോധനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പുമായി സഹകരിച്ച്‌ പ്രത്യേകം ലാബുകളും സ്ഥാപിക്കും. വിവിധ ക്ളസ്റ്ററുകളിലെ പാല്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പ് ഏറ്റുവാങ്ങി ലാബുകളില്‍ പരിശോധിച്ച്‌ പ്രത്യേക പാക്കറ്റിലാക്കിയാവും വിതരണം. ഇതോടെ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവുമുണ്ടാവും. ഇതോടൊപ്പം ചാണകം ഉണക്കി പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button