തൊടുപുഴ: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. പിഞ്ചുകുഞ്ഞിന്റെ കൈയിൽ തടിക്കഷണം തെറിച്ചുവീഴുന്നതു കണ്ട അമ്മ സ്വന്തം ജീവൻ അവഗണിച്ചു കുട്ടിയെ രക്ഷിച്ചു പുറത്തേക്കോടി. പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീട് പൂർണ്ണമായും നിലംപതിച്ചു.ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ തൊടുപുഴയിലാണ് സംഭവം.വഴിത്തല വരികപ്പാറ വീട്ടിൽ ഹരിയുടെ മകൾ ഒന്നര വയസുകാരി നിവേദിതയാണ് അമ്മ നീതുവിന്റെ സമയോചിതമായ ഇടപെടൽകൊണ്ട് തലനാരിഴക്ക് രക്ഷപെട്ടത്.
നാലു ദിവസമായി ഈ പ്രദേശത്തു കനത്ത മഴ പെയ്തിരുന്നു. വീടിന്റെ ബലക്ഷയമാണ് വീട് തകരാനുള്ള കാരണം. പാറപ്പുഴ പഞ്ചായത്തിൽ പുതിയ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും താമസയോഗ്യമെന്നുപറഞ്ഞു അപേക്ഷ തള്ളിയിരുന്നു. കേരളത്തിന് വേണ്ടി കാല്പന്തുകളിച്ച ഒരു ഫുട്‌ബോൾ താരത്തിന്റെ കുടുംബത്തിന്റെ അവസ്ഥയാണിത്. അണ്ടർ 21 ഫുട്‌ബോളിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ച ഹരി ഇന്നൊരു ഓട്ടോ ഡ്രൈവറാണ്.അഞ്ചു വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ ഹരി തന്റെ ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചു. ഹരി ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് കുടുംബം കഴിയുന്നത്.
Post Your Comments