തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് രംഗത്ത്. ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ ജനാധിപത്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അഹിന്ദു കൂടി വെടിയേറ്റു മരിച്ചിരിക്കുന്നു എന്നാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് ദീപാ നിശാന്ത് എഴുതിയിരിക്കുന്നത്. കൂടാതെ, മാധ്യമങ്ങള്‍ ഫാസിസത്തിനെതിരെ മൗനം പാലിക്കുന്നതിനേയും എഴുത്തുക്കാരി വിമര്‍ശിക്കുന്നുണ്ട്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു
‘കന്യാസ്ത്രീകള്‍ വിശുദ്ധ വസ്ത്രം ധരിച്ച് തിരുവാതിര കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത ശേഷം ഗൗരി എഴുതി: ഇതുകൊണ്ടൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത്. എന്റെ മല്ലു സുഹൃത്തുക്കളേ, നിങ്ങള്‍ ഈ മതേതര സ്പിരിറ്റ് വിടാതെ പിടിച്ചോളൂ. അടുത്ത തവണ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുമ്പോള്‍ ആരെങ്കിലും എനിക്ക് കേരള ബീഫ് വെച്ചുതരണം.
ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ജനാധിപത്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അഹിന്ദു കൂടി (സംഘി അല്ലാത്തവരെല്ലാം അഹിന്ദു ആണല്ലോ!) വെടിയേറ്റു മരിച്ചിരിക്കുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ മുന്നില്‍നിന്ന് പ്രതിഷേധിച്ച ചങ്കൂറ്റമുള്ള കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേശ്. പി. ലങ്കേശ് എന്ന എഴുത്തുകാരന്റെ മകള്‍.
അവര്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്. ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് പരിഹാരം.'[ വരികള്‍ക്ക് കടപ്പാടുണ്ട് ! വാട്സപ്പ് വഴി ലഭിച്ചതാണ്.]
Post Your Comments