
ഹൂസ്റ്റണ്‍: ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച ഹൂസ്റ്റണ്‍ ജനതയ്ക്ക് വ്യത്യസ്തമായ സഹായം വാഗ്ദാനം ചെയ്ത് ഒരമ്മ. 1000 ഔണ്‍സ് മുലപ്പാലാണ് മൂന്ന് കുട്ടികളുടെ മാതാവായ ഡാനിയേല പാമര്‍ സംഭാവനയായി നല്‍കിയത്.
ഹൂസ്റ്റണില്‍ ഹാര്‍വി നാശം വിതയ്ക്കുന്നത് ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന ഡാനിയേല പാമറിനു അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു ആശയം തോന്നിയത്. പാമറിന്റെ ഇളയ മകനു ജന്മനാ ഹൃദയ സംബന്ധമായ രോഗം ഉള്ളതിനാല്‍ മുലപ്പാല്‍ കുടിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. ഇതോടെ ഡാനിയേല മുലപ്പാല്‍ നൂറു കണക്കിനു ചെറിയ കുപ്പികളിലാക്കി ശീതികരിച്ചു ഹൂസ്റ്റണിലേക്ക് ഷിപ്പിങ്ങ് ചെയ്യുകയായിരുന്നു.
ഏകദേശം 1040 ഔണ്‍സ് പാല്‍ ശരാശരി 3 ഔണ്‍സ് ഒരു തവണ എന്ന നിലയില്‍ 346 ഫീഡിങ്ങിന് മതിയാകും എന്നാണ് പാമര്‍ പറഞ്ഞത്.
വ്യത്യസ്ത കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക്, ശരിയായ രീതിയില്‍ ലാബില്‍ പരിശോധന നടത്തി ലഭിക്കുന്ന പാല്‍ വളരെ ആശ്വാസകരമാണ്. ശരിയായി പരിശോധന നടത്താതെ നല്‍കുന്ന പാല്‍ എച്ച്‌ഐവി ഇന്‍ഫക്ഷന്‍സ് എന്നിവയ്ക്ക് കാരണമാകും എന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാമറിന്റേതുള്‍പ്പെടെ ആശുപത്രികളില്‍ പരിശോധന നടത്തി സൂക്ഷിക്കുന്ന പാല്‍ കുട്ടികള്‍ക്ക് ജീവന്‍ദായക ഔഷധം കൂടിയാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു.
Post Your Comments