ഹൈദരാബാദ്: തെലങ്കാന എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. വേമുലവാഡ മണ്ഡലത്തിലെ എംഎല്‍എ ചെന്നമനെനി രമേശിനു എതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. ടി.ആര്‍.എസ് എം.എല്‍.എയാണ് ചെന്നമനെനി രമേശ്. ഇന്ത്യന്‍ പൗരത്വത്തിനായി രമേശ് നല്‍കിയ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍, ഉത്തരവിനെതിരെ എം.എല്‍.എയ്ക്ക് 30 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്.
ഇന്ത്യയില്‍ ജനിച്ച രമേശ് പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി രാജ്യത്ത് തിരിച്ചെത്തുകയും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുകയുമായിരുന്നു.രമേഷിന്റെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെതന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് അദ്ദേഹം നേരത്തെ പൗരത്വം നേടിയതെന്നും അത് പിന്നീട് റദ്ദാക്കിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ 365 ദിവസമെങ്കിലും രാജ്യത്ത് താമസിച്ചിരിക്കണമെന്നാണ് നിയമം. രമേശിന്റെ അപ്പീല്‍ തള്ളുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വംതന്നെ റദ്ദാക്കപ്പെട്ടേക്കാം.
Post Your Comments