മനസ്സിൽ ഒരുപാട് നന്മ സൂക്ഷിക്കുന്ന നടനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. കേവലം ഒരു അഭിനേതാവിന്റെ സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പോകാതെ, തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്ങ്ങൾ തന്റെ കൂടി പ്രശ്നങ്ങളായിക്കണ്ടു അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന അക്കി സൂപ്പർ സ്റ്റാർ ആയതിൽ അത്ഭുതപ്പെടാനില്ല. വീര മൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ അക്കി അതിൽ വിജയം കണ്ടിരിക്കുന്നു എന്ന് തന്നെ പറയാം.6 .5 കോടി രൂപയാണ് അക്കി ഇതിനായി സമാഹരിച്ചിരിക്കുന്നത്.
അക്കിയെപോലെ ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാറിന് ഈ തുക വളരെ നിസ്സാരമാണെന്നു കേൾക്കുന്നവർക്ക് തോന്നാമെങ്കിലും അദ്ദേഹം ഭാരത് കെ വീർ എന്ന സംഘടനയ്ക്കായി , പ്രമുഖ ബിസിനസ്കാരെ ഉൾപ്പെടുത്തിയാണ് ആറരക്കോടി സമാഹരിച്ചത്. നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളുടെ കുടുംബത്തിനുള്ള കൈതാങ്ങ് ഈ സമൂഹത്തിൽ നിന്നും കണ്ടെത്തേണ്ടതാണെന്നും അത് ഒരാളുടെ മാത്രം കടമയല്ലെന്നും തന്റെ ഉദ്യമത്തിലൂടെ അക്കി നമ്മെ ബോധ്യപ്പെടുത്തുന്നു.
അക്ഷയ്‌കുമാർ ഉദ്ഘാടനം ചെയ്ത ഭാരത് കെ വീർ എന്ന വെബ്‌സൈറ്റിൽ, വീര ചരമം പ്രാപിച്ച 112 സൈനികരുടെ വിവരങ്ങൾ നൽകിയിരുന്നു . പിന്നീട് ഒരു ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി, ലോകമെമ്പാടും ഉള്ള സംരംഭകർ ഒത്തുകൂടിയപ്പോൾ, അവരെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.ആ അവസരത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു സഹായം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചു വേദിയിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ ആർക്കും തെല്ലും സംശയമില്ലായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സമാഹരിച്ചിരിക്കുന്ന ഈ പണം. 15 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നൽകാനാണ് അക്കിയുടെ ശ്രമം.
Post Your Comments