സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും. എന്നാൽ അതിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്) ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. ഭൂരിഭാഗം നിർമാതാക്കളും പപ്പടം അലക്കുകാരം ചേർത്താണ് നിർമിക്കുന്നതെന്നും ഇതു കാൻസർ, അൾസർ തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞമാസം മധുരയിൽനിന്ന് പപ്പട നിർമാണ കമ്പനികൾക്ക് നൽകാനായി എത്തിച്ച 650 കിലോഗ്രാം സോഡിയം കാർബണേറ്റ് ഭക്ഷ്യസുരക്ഷാ വിഭാഗം മലപ്പുറം എൻഫോഴ്സ്മെന്റ് യൂണിറ്റ് കണ്ടെത്തിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പപ്പട നിർമാതാക്കളിൽ പലരും ഉഴുന്നുമാവിനൊപ്പം ചേർക്കാൻ ചാക്കുകണക്കിന് അലക്കുകാരമാണ് കൊണ്ടുപോകുന്നതെന്നും ചില വ്യാപാരികൾ സമ്മതിക്കുന്നു.
സോഡാക്കാരം– സോഡിയം ബൈ കാർബണേറ്റ് ആണ് പരമ്പരാഗത പപ്പട നിർമാതാക്കൾ ഉപയോഗിക്കുന്നത്. കാരക്കട്ടകൾ അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപയോഗിച്ചാണ് പപ്പടം നിർമിക്കാറ്. ഈ പപ്പടം മൂന്നു ദിവാസത്തിലധികം കേടു കൂടാതെ ഇരിക്കില്ല എന്നാൽ സോഡിയം ബൈ കാർബണേറ്റ് ചേർന്ന സാധാരണ കാരലായനിക്കു പകരം പലരും സോഡിയം കാർബണേറ്റ് അഥവാ അലക്കുകാരവും ഉപ്പും വെള്ളവും നേരിട്ട് ഉഴുന്നുമാവിലേക്ക് കലർത്തുന്നു . 10 ലീറ്റർ വെള്ളത്തിൽ ഒരു കിലോഗ്രാം അലക്കുകാരമാണ് കലർത്തുന്നത്. ഈർപ്പം നഷ്ടപ്പെടാതെ പപ്പടം കൂടുതൽ ദിവസം സൂക്ഷിക്കാനും സ്വാദ് ലഭിക്കാനും സോഡിയം കാർബണേറ്റ് സഹായിക്കുന്നു എന്നാൽ, സോഡിയം കാർബണേറ്റ് ഭക്ഷ്യയോഗ്യമല്ല വസ്ത്രങ്ങൾ അലക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
അതിനാൽ അലക്കുകാരം ചേർത്ത പപ്പടം പരിശോധനയ്ക്ക് എടുത്താലും ഇതിന്റെ അളവ് വ്യക്തമാകില്ല. നിർമാണ സമയത്ത് കയ്യോടെപിടികൂടിയാൽ മാത്രമേ കണ്ടെത്താനാകൂ. സ്ഥിരമായി ഇത്തരം പപ്പടം ഉപയോഗിക്കുന്നവരിൽ കാൻസർ, അൾസർ അടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയേറെയെന്ന് ആരോഗ്യ വകുപ്പ് സമ്മതിക്കുന്നു.
Post Your Comments