പാരിസ്: ചുരുങ്ങിയ സമയത്തിനുള്ളിൽ ആണവാക്രമണം നടത്താനുള്ള കഴിവ് ഉത്തര കൊറിയയ്ക്കുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാൻ രംഗത്ത്. ജപ്പാന്റെ മുകളിലൂടെ 2700 കിലോമീറ്റർ ഉയരത്തിൽ ഉത്തരകൊറിയ മിസൈൽ പറത്തി. ഈ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അതീവ ഗൗരവതരമാണെന്നും ഡ്രിയാൻ അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയുടെ ശ്രമം ആണവായുധം വഹിക്കാനുതകുന്ന ബാലിസ്റ്റിക് മിസൈൽ നിർമിക്കാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഏതാനും മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകും. യുഎസിനെയും യൂറോപ്പിനെയും, എന്തിന് ജപ്പാനെയും ചൈനയെയും ലക്ഷ്യമിടാൻ പാകത്തിന് അവരുടെ ശ്രമങ്ങൾ വളർന്നു കഴിയുമ്പോഴുള്ള അവസ്ഥ വിനാശകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളുടെ മാർഗത്തിലേക്കു തിരിയാനും അദ്ദേഹം ഉത്തര കൊറിയയോട് ആഹ്വാനം ചെയ്തു.
പസഫിക് സമുദ്രത്തിന്റെ വടക്കൻ മേഖലയിലാണു വടക്കൻ ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനു മുകളിലൂടെ പറന്ന ഉത്തര കൊറിയയുടെ മിസൈൽ പതിച്ചത്. യുഎസ് – ദക്ഷിണ കൊറിയ സംയുക്ത വാർഷിക നാവികപ്രകടനം ദക്ഷിണ ചൈനാ കടലിൽ നടക്കമ്പോഴായിരുന്നു ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം. തുടർന്ന് ഹോക്കോയ്ഡോ ദ്വീപിലെ ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജപ്പാൻ അടിയന്തര നിർദേശം നൽകിയിരുന്നു.
Post Your Comments