Latest NewsKeralaNews

മാര്‍ക്കിന് ഒരു വിലയുമില്ലേ? കണ്ണീരോടെ ജെംഷ ചോദിയ്ക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്‌ വര്‍ധിപ്പിച്ചതും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാക്കിയതും നിരവധി പേരുടെ എം.ബി.ബി.എസ്. സ്വപ്നങ്ങളാണ് തകര്‍ത്തത്. എം.ബി.ബി.എസിനു പ്രവേശനം കിട്ടിയിട്ടും ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ അതുപേക്ഷിച്ചു ബി.ഡി.എസിനു ചേരേണ്ടിവന്ന ജെംഷ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ്.

തിരുവനന്തപുരം കരമന സ്വദേശിനിയായ ജെംഷയ്ക്ക് 2414 -ാം റാങ്കാണ് മെഡിസിനു ലഭിച്ചത്. ആദ്യ അലോട്ട്മെന്റില്‍ പി.കെ. ദാസ് കോളേജില്‍ പ്രവേശനം ലഭിച്ചു. അടുത്ത ദിവസം തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളജിലേക്കു മാറ്റം കിട്ടി. 150 സീറ്റുകളുള്ള കോളേജില്‍ 88-ാം സ്ഥാനത്തായിരുന്നു പ്രവേശനം. 29 നു പ്രവേശനം ലഭിച്ചു തിരികെ വീട്ടിലെത്തിയപ്പോഴാണ് അടച്ച അഞ്ചു ലക്ഷത്തിനു പുറമേ ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി കൂടി നല്‍കണമെന്ന കോടതി വിധി അറിഞ്ഞത്. കോടതി അനുവദിച്ച 15 ദിവസത്തെ സമയപരിധിക്കുള്ളില്‍ പണം അടയ്ക്കാന്‍ മാര്‍ഗമില്ലെന്നു തിരിച്ചറിഞ്ഞ ജെംഷ ബുധനാഴ്ച സ്പോട്ട് അലോട്ട്മെന്റിനെത്തി. ഏറെ ആഗ്രഹിച്ചു ലഭിച്ച എം.ബി.ബി.എസ് ഉപേക്ഷിച്ചു ബി.ഡി.എസിനു ചേരാനായിരുന്നു ഇത്. അതുവരെ ബാങ്ക് ഗ്യാരന്റിയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കുമെന്ന ഒരു സൂചനയും ലഭിച്ചിരുന്നില്ല. ബാങ്കുകളുടെ യോഗം വിളിച്ചു എന്നതു മാത്രമായിരുന്നു സര്‍ക്കാരെടുത്ത നടപടി.

ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് എം.ബി.ബി.എസ്. ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സ്പോട്ട് അഡ്മിഷനില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. ബുധനാഴ്ച രാത്രി 8.30 നാണ് പ്രവേശനം ലഭിച്ചത്. രാത്രി തിരികെ വീട്ടിലെത്തിയപ്പോഴാണ് ആറു മാസത്തെ ബാങ്ക് ഗ്യാരന്റി സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന വാര്‍ത്ത അറിഞ്ഞത്. ഇതോടെ തിരികെ എം.ബി.ബിഎസിനു ചേരാനായി ഇന്നലെ രാവിലെ തന്നെ സ്പോട്ട് അഡ്മിഷന്‍ നടന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലെത്തി. എന്നാല്‍ നടപടികള്‍ നടക്കുന്ന ഹാളിനകത്ത് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല.

എം.ബി.ബി.എസ്. അഡ്മിഷന്‍ ലഭിക്കുകയും ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന ആരോഗ്യമന്ത്രിയുടെ വാക്കിന്റെ ഉറപ്പിലാണ് ഇന്നലെ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരോട് കാര്യം പറയാനുള്ള അവസരം പോലും ജെംഷയ്ക്ക് ലഭിച്ചില്ല. മാര്‍ക്കിന് ഒരു വിലയുമില്ലേ? പിന്നെന്തിനാണ് സ്കോര്‍ കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്… ജെംഷ കണ്ണീരോടെ ചോദിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button