ബെംഗളൂരു : സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാലറി അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ പണി തുടങ്ങി. ഇതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്.
സ്വകാര്യ ബാങ്കുകളില്‍ സാലറി അക്കൗണ്ട് ഉള്ളവരെ കേന്ദ്രീകരിച്ചാണ് ഹാക്കര്‍മാരുടെ പിടിമുറുക്കിയിരിക്കുന്നത്. . ഒരു സ്വകാര്യ ബാങ്കിന്റെ എംജി റോഡിലെ ശാഖയിലെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നു ഹാക്കര്‍മാര്‍ പണം പിന്‍വലിച്ചതായി പൊലീസ് പറഞ്ഞു. ഐടി ജീവനക്കാരന്റെ അക്കൗണ്ടില്‍ നിന്ന് മിനിറ്റുകളുടെ ഇടവേളയില്‍ 14 തവണയായി 2.16 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. പണം പിന്‍വലിക്കുന്നതായി മൊബൈലില്‍ സന്ദേശം ലഭിച്ചയുടന്‍ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
ഓണ്‍ലൈന്‍ ഇടപാട് പൂര്‍ത്തിയാകാത്തതിനാല്‍ നഷ്ടപ്പെട്ട പണത്തില്‍ കുറച്ച് പിന്നീട് അക്കൗണ്ടിലേക്കു തിരികെ ലഭിച്ചു. ഇതേ ശാഖയില്‍ സാലറി അക്കൗണ്ടുള്ള മറ്റൊരു ഐടി ജീവനക്കാരന്റെ 1.3 ലക്ഷം രൂപയാണ് നഷ്ടമായത്. 10 തവണയായാണ് പണം പിന്‍വലിച്ചത്. അള്‍സൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ ഒന്‍പതു പരാതികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ലഭിച്ചത്. മാസാവസാനം ആയതിനാല്‍ എല്ലാവരുടെയും ശമ്പളമാണ് നഷ്ടപ്പെട്ടത്. ഇന്ത്യക്കു പുറത്തു നിന്നാണ് ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് വ്യാജ ഇടപാടുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു ബാങ്കിനു നോട്ടിസ് അയച്ചു.
Post Your Comments