1.കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠ്യവിഷയമാകും. എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്
എട്ടാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നത്. സാമ്പത്തിക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ പദ്ധതികള്‍ പത്താം ക്ലാസിലെ ഇക്കണോമിക്‌സ് പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.എട്ടാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച പാഠം ഉള്‍പ്പെടുത്താനും, ഇതേ ക്ലാസിലെ വിവിധ വിഷയങ്ങളിലായി സ്വച്ഛ് ഭാരത്, ബേഠി ബെച്ചാവോ,തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2.കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.പി.എ. അടക്കം പതിനഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ 25-ാം പ്രതിയാണ് ജയരാജൻ. 19 പ്രതികൾക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
3.വിദേശികൾക്കായി ‘നാട്ടിന്‍ പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ പദ്ധതിയുമായി ടൂറിസം വകുപ്പ്. ആദ്യമായാണ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും നാട്ടിന്‍പുറങ്ങളിലെത്തി ഓണസദ്യയില്‍ പങ്കെടുക്കാനും ഓണക്കളികള്‍ കാണാനും ടൂറിസം വകുപ്പ് അവസരമൊരുക്കുന്നത്.
വയനാട്, കുമരകം, കോവളം, വൈക്കം, ബേക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇവിടങ്ങളിലെ താത്പര്യമുള്ള കുടുംബങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ സഞ്ചാരികളെ സ്വീകരിച്ച് ഓണസദ്യ നല്‍കാം. ഇത് തദ്ദേശീയര്‍ക്ക് വരുമാനമാര്‍ഗവുമാവും. പ്രദേശത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് വള്ളയാത്ര, കയര്‍ നിര്‍മാണം, മീന്‍പിടിത്തം, കള്ള് ചെത്ത്, തെങ്ങുകയറ്റം, മണ്‍പാത്ര നിര്‍മാണം എന്നിവയും ഓണക്കളികളും കലാരൂപങ്ങളും സഞ്ചാരികളെ പരിചയപ്പെടുത്തും.
ഇതോടൊപ്പം നാടന്‍ പച്ചക്കറികള്‍, ഖാദിവസ്ത്രം, പ്രാദേശിക ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവ വാങ്ങാന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കും. ഒരു കുടുംബത്തിന് അല്ലെങ്കില്‍ നാലംഗ സംഘത്തിന് 2000 മുതൽ 8000 രൂപവരെയാണ് വിവിധ സ്ഥലങ്ങളിലെ പാക്കേജിന്റെ ചെലവ്.
4.ജർമനിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്ലോക്ക്ബസ്റ്റർ ബോംബ് കണ്ടെടുത്തു; പ്രദേശത്തു നിന്നും 70,000 പേരെ മാറ്റി പാർപ്പിക്കുന്നു
ജർമനിയിലെ പ്രധാന നഗരമായ ഫ്രാങ്ക്ഫർട്ടിൽനിന്നാണ് ബ്ലോക്ക്ബസ്റ്റർ ബോംബ് കണ്ടെത്തിയത്. ഇതേതുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമനി കണ്ട ഏറ്റവും വലിയ മാറ്റിപ്പാർപ്പിക്കലിനൊരുങ്ങുകയാണ് അധികാരികൾ. 70,000 പേരെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിക്കുന്നത്. ഒരു നഗരം തന്നെ നശിപ്പിക്കാൻ പോകുന്ന കരുത്തുള്ള ബോംബാണ് ബ്ലോക്ക്ബസ്റ്റർ. ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഞായറാഴ്ച അധികൃതരുടെ അനുമതി തേടും.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം.സുധീരന്‍ ആശുപത്രിയില്‍. പൊതുപരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു
2.നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും
3.പി വി അൻവർ എംഎൽഎയുടെ പാർക്കിന്റെ ശുചിത്വ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് റദ്ദാക്കി. പാര്‍ക്കില്‍ ആവശ്യത്തിന് ശൗചാലയമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
4.ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടുമെന്നും ജോസഫൈന്‍ പറഞ്ഞു.
5.സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
6.എന്‍ഡിഎ വിട്ട് ബിഡിജെഎസ് ഇടുതുമുന്നണിയില്‍ ചേരണമെന്ന ആഹ്വാനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഇപ്പോഴുള്ള ബിജെപി വെറും പ്രൈവറ്റ് കമ്പനിയായി മാറിയെന്നും വെള്ളാപ്പള്ളി
7.മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ബംഗളൂരു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു കെഎസ്‌ആര്‍ടിസി. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിക്കനെല്ലൂരില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
8.വെള്ളപ്പൊക്കത്തിന് പിന്നാലെ മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചതായി സൂചന; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു
Post Your Comments