പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനങ്ങളുടെ മറവിൽ സ്വന്തം ഉടമസ്ഥതയിലുള്ള ബാലഭവനില്‍ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ബാലഭവന്‍ ഉടമയ്ക്ക് കോടതി 12 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ മുറിയില്‍ ബോറെക്ക ബാലഭവന്‍ നടത്തിയിരുന്ന ആലപ്പുഴ തലവടി വലയില്‍ വീട്ടില്‍ ജോണ്‍സണ്‍ വി ഇടിക്കുളയെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ബൊറെക്ക ബാലഭവനില്‍ അടുക്കള ജോലിക്കും കുട്ടികളെ പരിചരിക്കുന്നതിനും നിന്നിരുന്ന പട്ടികജാതിക്കാരിയായ സ്ത്രീയെ 2009 ഏപ്രില്‍ മുതല്‍ രണ്ടുമാസം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തിരുവല്ല ഡിവൈഎസ്പിആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.ജോണ്‍സന്റെ പീഡനം സഹിക്ക വയ്യാതെ യുവതി ബാലഭവന്‍ വിട്ട് ഇറങ്ങി ഓടുകയായിരുന്നു. തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ യുവതിയെ ജോണ്‍സണ്‍ പിന്തുടര്‍ന്ന് പിടികൂടി. പിന്നെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.
നാട്ടുകാര്‍ കൂടിയതോടെ വിവരം പൊലീസ് അറിയുകയും കേസ് എടുക്കുകയുമായിരുന്നു.വനിതാ പൊലീസ് മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന കഥ യുവതി വിവരിച്ചത്. ഇതോടെ ജോണ്‍സനെ പൊലീസ് ചോദ്യം ചെയ്തു. ബൊറേക്ക ബാലഭവനില്‍ എത്തി കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് അവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ജോണ്‍സണ്‍ അറസ്റ്റിലാകുകയായിരുന്നു.
Post Your Comments