ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിമിനെ വിവാഹം കഴിച്ച ഹിന്ദു യുവതിയെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ കോടതി അനുവദിച്ചു. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാഞ്ഞ യുവതി, മതം മാറിയത് സ്വമേധയായാണെന്ന് കോടതിയെ ബോധിപ്പിച്ചു.
ഇരുപത്തിയൊന്നു വയസ്സുള്ള തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ വാദം. അനൂഷി എന്ന പേര് മരിയ എന്നാക്കുകയും ചെയ്തു. മതപരിവര്‍ത്തനത്തിന് ആരും സമ്മര്‍ദം ചെലുത്തിയില്ലെന്ന് യുവതി പറഞ്ഞു.
മരിയയുടെയും ഭര്‍ത്താവ് ബിലാവല്‍ അലി ഭൂട്ടോയുടെയും അഭ്യര്‍ഥനപ്രകാരം കോടതി, ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കി. തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നതിനായി മരിയയെ വിട്ടുതരണമെന്ന അമ്മയുടെ അഭ്യര്‍ഥന കോടതി നിരാകരിച്ചു. മരിയയെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് വീണ്ടും മാറ്റിയാല്‍ ഇത് അവരുടെ ജീവനു ഭീഷണിയാവുമെന്ന് ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ദിഖി പറഞ്ഞു.
കോടതിയുടെ വിധി ഇത്തരം വിവാഹരീതിയെ പ്രോത്സാഹിപ്പിക്കുമെന്നും സമൂഹത്തിന്റെ അടിസ്ഥാനത്തെ തകര്‍ക്കുമെന്നും പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) അംഗവും പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ രക്ഷാധികാരിയുമായ രമേഷ് കുമാര്‍ വങ്ക്വാനി പറഞ്ഞു. ദുരഭിമാനക്കൊല ഹിന്ദുമതത്തില്‍ ഇല്ലെന്നും കൊല്ലപ്പെടുമെന്ന മരിയയുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments