ന്യൂഡല്‍ഹി: പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതാണ് സുഹൃത്തിനു നേര്‍ക്ക് നിറയൊഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മുസ്തകീം പറഞ്ഞു. മ്യാന്‍മര്‍ സ്വദേശിയായ ഇനായത്ത്(25) ആണു കൊല്ലപ്പെട്ടത്.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്റെ സഹോദരീ ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. ‘മുസ്തകീമും ഇനായത്തും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ജോലിയില്‍ മികവ് പ്രകടിപ്പിച്ചിരുന്നതും നല്ല പെരുമാറ്റരീതിയും ഇനായത്തിന്റെതായിരുന്നു. അതുകൊണ്ടു തന്നെ ഉടമസ്ഥന് ഇനായത്ത് പ്രിയങ്കരനുമായിരുന്നു’. ഇതും ഇനായത്തിനോട് മുസ്തകീമിന് പക തോന്നാന്‍ കാരണമായെന്ന് ഡി സി പി ശിബേഷ് സിങ് പറഞ്ഞു.
ഇതിനിടെ മുസ്തകീം സിഗരറ്റ് വലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു എന്നാണ് മുസ്തകീമിന്റെ മൊഴി. പിന്നീട് തൊണ്ടയിലെ അസ്വസ്ഥതയെ തുടര്‍ന്ന് മുസ്തകീം ഡോക്ടറെ കാണാന്‍ പോയിരുന്നത്രെ. അമിത പുകവലി കൊണ്ട് തൊണ്ടയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായും മുസ്തകീം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിനിടെ മോശം പ്രകടനത്തെ തുടര്‍ന്ന് മുസ്തകീമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നഷ്ടമായതും തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന ഡോക്ടറുടെ വാക്കുകളും മുസ്തകീമിനെ കടുത്ത നിരാശയിലാക്കി. ഇയാള്‍ സ്വദേശമായ ഉത്തര്‍പ്രദേശിലെ അമോര്‍ഹയിലേക്ക് മടങ്ങി. അവിടെ നിന്നാണ് ഇയാള്‍ തോക്കും വെടിയുണ്ടകളും വാങ്ങിയത്. നാടന്‍കൈത്തോക്ക് ഉപയോഗിച്ചാണ് മുസ്തകീം സുഹൃത്തിനെ വെടിവച്ചത്.
ഉത്തര്‍ പ്രദേശില്‍നിന്ന് തിരികെയെത്തിയ മുസ്തകീം ഇനായത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് സ്ഥാപന ഉടമ കൂടിയായ സഹോദരീഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇനായത്തും മുസ്തകീമും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മുസ്തകീം ഇനായത്തിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. നിറയൊഴിക്കുമ്പോള്‍ ലക്ഷ്യം തെറ്റാതിരിക്കാന്‍ പലവട്ടം പരിശീലനം നടത്തിയിരുന്നെന്നും ഇയാളുടെ മൊഴിയിലുള്ളതായി ഡി സി പി പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇനായത്തിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്തകീമിനെ പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments