KeralaLatest NewsNews

മാവോവാദി നേതൃത്വത്തില്‍ പുതുതലമുറ : മുതിര്‍ന്നവര്‍ പിന്‍നിരയിലേക്ക്

കാളികാവ്: പ്രവര്‍ത്തനം സുഗമമാക്കാന്‍ മാവോവാദികള്‍ പുതിയ പ്രവര്‍ത്തകരെ നേതൃനിരയില്‍ കൊണ്ടുവരുന്നു. പശ്ചിമഘട്ട മേഖലാകമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകര്‍ക്കിടയിലാണ് മാറ്റം. മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പോലീസും ആദിവാസികളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പുതിയനീക്കം.

മുതിര്‍ന്നനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി അണിയറയിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും. പ്രവര്‍ത്തകര്‍ക്കിടയില്‍ വരുത്തിയ മാറ്റം ജൂലായില്‍ നടന്ന രക്തസാക്ഷിദിനത്തില്‍ പരീക്ഷിച്ചിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മാറ്റം വിജയമായെന്നാണ് മാവോവാദികളുടെ വിലയിരുത്തല്‍.

കേരളത്തില്‍ പലകോളനികളിലും മാവോവാദികള്‍ സ്വാതന്ത്ര്യദിനത്തില്‍ രക്തസാക്ഷിദിനാചരണം നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കൂട്ടത്തിലെ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയില്‍ ഉണ്ണിയാര്‍ച്ച എന്നപേരില്‍ സ്വയം പരിചയപ്പെടുത്തിയ ഒരാളെയാണ് ആദിവാസികള്‍ക്ക് ആകെ അറിയുന്നത്. ഈ പേരില്‍ മാവോവാദി പ്രവര്‍ത്തകയുള്ളതായി അധികൃതര്‍ക്കറിയില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജപ്പേരില്‍ രംഗത്തുവന്ന ഒരാളാണിതെന്നാണ് പോലീസ് നിഗമനം.

ഉണ്ണിയാര്‍ച്ച എന്നപേരില്‍ പരിചയപ്പെടുത്തിയ വനിത പുതുമുഖമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. മാവോവാദി രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ പുതുമുഖമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വരയന്‍മലയിലെ മാവോവാദി ക്യാമ്പില്‍നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഉണ്ണിയാര്‍ച്ച എന്ന് പരിചയപ്പെടുത്തിയ സ്ത്രീയുടെ ചിത്രവുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഡാനിഷ് എന്ന മാവോവാദിയുടെ കൂടെ നില്‍ക്കുന്ന ചിത്രമാണുള്ളത്. ഡാനിഷിന്റെകൂടെ പരിശീലനം നേടിയ ഒരാളാണ് ഉണ്ണിയാര്‍ച്ച എന്ന് പോലീസ് കരുതുന്നു. മുന്‍നിരയിലെ പ്രവര്‍ത്തകരെ മാറ്റുന്നപോലെ വിവിധ ദളങ്ങള്‍ക്കിടയിലെ പ്രവര്‍ത്തകരെയും പരസ്പരം മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button