ന്യൂഡല്‍ഹി: ഡല്‍ഹി മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്ന് മോഷണം പോയത് 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍. മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്ന മൂന്നു സുഹൃത്തുക്കളാണ് ഈ മോഷണക്കേസില്‍ അറസ്റ്റിലായത്.
5, 10 രൂപയുടെ 2.3 ലക്ഷം വരുന്ന നാണയങ്ങളാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. 46 പോളിത്തീന്‍ ബാഗുകളിലാണ് ഇവര്‍ നാണയങ്ങള്‍ കടത്തിയത്. ബാങ്കില്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് നാണയങ്ങള്‍ മാത്രം മോഷ്ടിച്ചുവെന്നതിനും ഇവര്‍ക്ക് മറുപടിയുണ്ട്. നോട്ടുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് കേട്ടിരുന്നതിനാല്‍ തങ്ങളെ ചിപ്പ് വഴിയോ ജിപിഎസ് വഴിയോ പിന്തുടര്‍ന്ന് പിടികൂടും എന്ന പേടിയെ തുടര്‍ന്നാണ് കവര്‍ച്ചാ മുതലായി നാണയങ്ങള്‍ തിരഞ്ഞെടുത്തത്. നാണയങ്ങള്‍ ആകുമ്പോള്‍ സംശയമൊന്നുമില്ലാതെ ആളുകള്‍ വാങ്ങുമെന്നും ഇവര്‍ പറയുന്നു.
സിസിടിവി കാമറയില്‍ മുഖം മറച്ച മോഷ്ടാക്കളുടെ ദൃശ്യമുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ ഇടത് കൈക്കുഴയില്‍ R എന്ന അക്ഷരം ടാറ്റുവായി പതിച്ചിരുന്നു. ഈ ടാറ്റുവാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
Post Your Comments