KeralaNews

കോടികളുമായി ചിട്ടി സ്ഥാപന ഉടമകൾ മുങ്ങി: കണ്ണീരുമായി നിക്ഷേപകര്‍  

കൊടുങ്ങല്ലൂര്‍: നിരവധിപ്പേരില്‍ നിന്ന് നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടിസ്ഥാപന ഉടമകള്‍ കോടികളുമായി മുങ്ങി. എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീരദേശം കേന്ദ്രീകരിച്ച്‌ ഇരുപതുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനമായ തത്ത്വമസിയുടെ പതിനാറോളം ബ്രാഞ്ചുകളാണ് തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുന്നത്. കുറി വട്ടമെത്തിയവര്‍ക്കും നിക്ഷേപ കാലാവധിയായവര്‍ക്കും തിങ്കളാഴ്ച പണം നല്‍കാമെന്ന് സ്ഥാപനയുടമ ചെറായി സ്വദേശി കിഷോര്‍ ഉറപ്പു നല്കിയിരുന്നു.

ഉച്ചയായിട്ടും പണം എത്തിക്കാഞ്ഞപ്പോള്‍ ജീവനക്കാര്‍ ഉടമയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിരിവിനു പോയിരുന്ന ജീവനക്കാരെ പ്രധാന ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച്‌ വീട്ടിലേക്ക് മടങ്ങാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. പണം ലഭിക്കാതായതോടെ മുന്നൂറിലധികം നിക്ഷേപകരാണ് ഇവിടെ പരാതിയുമായി എത്തിയത്.നിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥാപനത്തിലും പോലീസ് സ്റ്റേഷനിലും പരാതിയുമായി എത്തി. ചൊവ്വാഴ്ച വൈകിട്ടുവരെ 160 പരാതികളാണ് പോലീസിന് ലഭിച്ചത്.

ഇരുനൂറോളം പേരാണ് ചൊവ്വാഴ്ച മതിലകം പോലീസില് പരാതിയുമായെത്തിയത്. നാട്ടികയിലും നിരവധിപ്പേര്‍ തട്ടിപ്പിനിരയായതായി പറയുന്നു.പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ കുറിവെച്ചവരും ഒന്നുമുതല് എട്ടുലക്ഷംവരെ ഉയര്‍ന്ന പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തിയവരും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടത്തുമെന്നും മതിലകം പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button