ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച് ജാതി പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചിലർ ചോദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാതിചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. സംവത്സരങ്ങൾക്ക് മുമ്പ് തന്നെ ഗുരു ജാതിചിന്ത വെടിഞ്ഞിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞ ഗുരുവിനെ പോലും ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂടിൽ ഒതുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് തികച്ചും വേദനാജനകമാണ്. എല്ലാവർക്കും ആരാധന നടത്താനുള്ള അവസരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.
ഇത്തരക്കാർക്ക് ഗുരുവുമായുള്ള ദൂരം നമുക്ക് തന്നെ അളക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര സ്‌മാരക മ്യൂസിയത്തിന് വർക്കല ശിവഗിരിയിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിനെ ധിക്കാരപൂർവം തിരുത്തുന്ന ഇത്തരക്കാരുടെ ശരി എവിടെ നിൽക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ നിരവധി കാര്യങ്ങൾ ചെയ്ത ഗുരുവിന്റെ നിലപാടുകളെ വക്രീകരിക്കുന്നവർക്ക് താക്കീതായിരിക്കണം നമുക്ക് ജാതിയില്ലാ വിളബരം എന്നത്.
അന്ധവിശ്വാസങ്ങളുടെ കാലത്ത് ഗുരുവിന്റെ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്. പുരോഗമന ആശയത്തിന്റെ കേരളത്തിലെ ആദ്യ പ്രയോക്താവ് ശ്രീനാരായണ ഗുരുവായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അത് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് പകർത്തുകയാണ് വേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി. കാവി വസ്ത്രം ധരിച്ച് അധികാരം പിടിച്ചെടുക്കാൻ ചില സന്യാസിമാർ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ശിവഗിരിയിലെ സന്യാസിമാർ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments