പുത്രനെ ബലികൊടുക്കുന്നുവെന്ന് ഇബ്‌റാഹീം(അ)മിന്ന് ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ഇതിനായി വിദൂരസ്ഥമായ മക്കയിലെ കുന്നിന്‍ പ്രദേശത്ത് വച്ച് ഓമനപുത്രന്റെ കണ്ഠനാളത്തില്‍ കത്തിയമര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരശരീരി കേട്ടു: ‘ ഓ ഇബ്റാഹീം! താങ്കള്‍ സ്വപ്്‌നം സത്യസാക്ഷാല്‍ക്കരിച്ചിരിക്കുന്നു. ഇപ്രകാരമാണ് സുകൃതവാന്മാര്‍ക്ക് നാം പ്രതിഫലം നല്കുക… മഹത്തായ ഒരു ബലി നല്കി അദ്ദേഹത്തെ (ഇസ്മാഈലിനെ) നാം വീണ്ടെടുത്തു.’
പുത്രനെ ദൈവമന്ദിരത്തിന്റെ പരിചരണത്തിന്നും തൗഹീദിന്റെ പ്രബോധനത്തിനുമായി സമര്‍പ്പിക്കുക; തദ്വാരാ ആ ഭവനം ഭൂമുഖത്ത് ദൈവാരാധനയുടെ കേന്ദ്രമായി വാഴുക – ഇതായിരുന്നു സ്വപ്്‌നത്തിന്റെ സാക്ഷാല്‍ താല്പര്യമെന്ന് ഇബ്്‌റാഹീം(അ)മിന്നു ബോധ്യമായി.
ജനശൂന്യവും ഫലശൂന്യവും ജലശൂന്യവുമായിരുന്നു ആ സ്ഥലം. അതിനാല്‍ ഹസ്രത്ത് ഇബ്്‌റാഹീം (അ) ദൈവത്തോട് ധുആ ചെയ്തു: ‘ അല്ലാഹുവേ! ഇവിടെ, നിന്റെ പരിശുദ്ധ മന്ദിരത്തിന്റെ പരിസരത്ത്, എന്റെ സന്താനങ്ങളെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. അവര്‍ക്ക് ആഹാരമേര്‍പ്പെടുത്തിയാലും! ജനഹൃദയങ്ങളെ അങ്ങോട്ടാകര്‍ഷിച്ചാലും.’
ഇവിടെയൊക്കെ ഇബ്റാഹീം(അ)മിന്റെ പല സ്മാരക ചിഹ്നങ്ങളുമുണ്ട്. അദ്ദേഹം നില്ക്കുകയും നമസ്‌കരിക്കുകയും ചെയ്ത സ്ഥലമുണ്ട്; ബലിയറുത്ത ഇടമുണ്ട്. അതിനാല്‍ ജനലക്ഷങ്ങള്‍ ദൂരദിക്കുകളില്‍നിന്ന് അവിടെച്ചെന്ന് ആ പൗരാണിക ദേവാലയത്തെ പ്രദക്ഷിണം നടത്തുകയും ഇസ്്മാഈലി(അ)നെ അനുസ്മരിച്ചുകൊണ്ട് ബലിയറുത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യുകയും വേണം. അക്കാലത്തവര്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളായിരിക്കണം. ആര്‍ക്കുനേരെയും ആയുധമേന്തുകയോ ഒരുറുമ്പിനെപ്പോലും ഉപദ്രവിക്കുകയോ അരുത്. സുഖാനുഭൂതികളും അലങ്കാരാര്‍ഭാടങ്ങളും പരിവര്‍ജ്ജിക്കണം. അല്ലാഹുവിന്റെ നല്ല സന്താന പരമ്പരയില്‍ ഉള്‍പ്പെടാന്‍ നമുക്ക് കഴിയട്ടെ. ആമീന്‍!
Post Your Comments