KeralaLatest NewsNews

പ്രകോപനപരമായ വ്യാജ വീഡിയോ : നാല് പൊലീസുകാര്‍ക്കെതിരെ നടപടി

 

ആലപ്പുഴ: പ്രകോപനപരമായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വഴിമരുന്നിടാവുന്ന വ്യാജവീഡിയോ ആണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ കൈമാറ്റംചെയ്തത്. ഇതിനെ തുടര്‍ന്ന് നാല് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. ആലപ്പുഴ ജില്ലയിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. പ്രാഥമിക നടപടിയായി ഇവരെ സ്ഥലംമാറ്റിയിരിക്കുകയാണ്. ശക്തമായ നടപടി പിന്നാലെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്.കാര്യവാഹ് രാജേഷ് പരിക്കേറ്റ് കിടക്കുന്നതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. ഈ വ്യാജവീഡിയോ കൈമാറുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് ജൂലായ് 30ന് ഡി.ജി.പി. മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്കാണ് ഡി.ജി.പി.മുന്നറിയിപ്പ്. അതേസമയം, ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കൃഷ്ണകുമാര്‍, കരീലക്കുളങ്ങര സ്റ്റേഷനിലെ സി.പി.ഒ. ഷാജഹാന്‍, കായംകുളം സ്റ്റേഷനിലെ ശ്യാം, ജയപ്രകാശ് എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. കൃഷ്ണകുമാറിനെ ചെങ്ങന്നൂരിലേക്കും ഷാജഹാനെ കുത്തിയതോട്ടിലേക്കും മാറ്റി. ശ്യാമിനെ ചേര്‍ത്തല ട്രാഫിക്കിലേക്ക് അയച്ചു. ജയപ്രകാശിനെ പൂച്ചാക്കല്‍ സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.എം.അനസ് അലിയാണ് സംഭവത്തെപ്പറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

ജില്ലയില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍, തകഴി എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ്.-സി.പി.എം. സംഘര്‍ഷം നടക്കുന്ന സമയത്തായിരുന്നു തിരുവനന്തപുരം സംഭവം. ഈ അവസരത്തിലാണ് പ്രകോപനപരമായ വീഡിയോ ഷെയര്‍ചെയ്യപ്പെട്ടത്. ഇതിനാല്‍ വ്യാജവീഡിയോ പോലീസുകാര്‍തന്നെ വ്യാപകമായി കൈമാറിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അതീവഗൗരവമായാണ് കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button