ന്യൂഡല്‍ഹി: രണ്ടുവയസുകാരനെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഛത്തീസ്ഗഡ് സ്വദേശികളായ ഈശ്വരി ലാല്‍ യാദവ്, ഭാര്യ കിരണ്‍ ഭായ് എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് കേസ് നവംബര്‍ 28ലേക്ക് മാറ്റി. ഛത്തീസ്ഗഡ് ഹൈക്കോടതിയാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ദമ്പതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
2010 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഛത്തീസ്ഗഡിലെ ഭിലായ് നഗര്‍ സ്വദേശിയായ പോഷന്‍ സിങ് രാജ്പുതിന്റെ രണ്ടുവയസുള്ള മകനെ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍, അടുത്തവീട്ടില്‍ നിന്നും കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. മന്ത്രവാദത്തിനായി കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ പിന്നീട് സമ്മതിച്ചു. വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷ നല്‍കിയ കേസ് ആണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Post Your Comments