തിരുവനന്തപുരം: എംബിബിഎസ് പഠനം സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ നല്ല രീതിയില്‍ വാര്‍ഷിക ഫീസ് കൊടുക്കണം. കൂടാതെ അഞ്ച് വര്‍ഷം കൊണ്ട് 55 ലക്ഷം ചെലവഴിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇനി വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാമെന്ന് കരുതിയാലോ, ജോലിയില്‍ പ്രവേശിച്ചിട്ട് ശമ്പളത്തിന്റെ ഒന്നര ഇരട്ടി വരെ വായ്പാ തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
വാര്‍ഷിക ഫീസ് 11 ലക്ഷം വീതം അടച്ചു എംബിബിഎസ് കോഴ്‌സ് അവസാനിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി 55 ലക്ഷം ചെലവഴിച്ചിരിക്കും. മറ്റു ചിലവുകള്‍ അടക്കം 60 ലക്ഷം എന്ന് ഏകദേശം കണക്കാക്കാം. 10 ലക്ഷത്തിന് മേലുള്ള വായ്പ ഈട് വച്ചുള്ള മാത്രമാണ് ബാങ്കുകള്‍ നല്‍കുന്നത്. പലിശയാവട്ടെ 13 ശതമാനവും. കനത്ത തുക വിലമതിക്കുന്ന വസ്തുവാണ് ബാങ്കിന് ഈട് ആയി സമര്‍പ്പിക്കേണ്ടത്.വലിയ വായ്പ എടുക്കാന്‍ നിര്‍ബന്ധിതരാകുന്ന സാധാരണക്കാരെ സംബന്ധിച്ചടുത്തോളം പ്രതിമാസം തിരിച്ചടവ് ആയ 50,000 – 75,000 രൂപ താങ്ങാന്‍ കഴിയില്ല. എംബിബിഎസ് കഴിഞ്ഞു ഹെല്‍ത്ത് സര്‍വീസില്‍ പ്രവേശിക്കുന്ന ഡോക്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ സാലറി 50,000 -55,000 രൂപയാണ്.
താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സാലറി 38,000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടിയാല്‍ തന്നെ സാലറിയുടെ ഒന്നരമടങ്ങ് വിദ്യാഭ്യാസ വായ്പയുടെ പ്രതിമാസ തിരിച്ചടവിനായി വേണ്ടിവരുന്നു. കേരളത്തിലെ സ്വാശ്രയ മെറിറ്റില്‍ പഠിക്കുന്ന കുട്ടിക്ക് പ്രതിവര്‍ഷം 11 ലക്ഷം ചെലവിടുമ്പോള്‍ കര്‍ണാടകയില്‍ ആറര ലക്ഷം മതി. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന കൊള്ളയ്ക്ക് കുടപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വയ്യാതെ നിലയില്ലാ കയത്തിലേക്ക് വിദ്യാര്‍ത്ഥികളെ മുക്കി താഴ്ത്തുന്ന ഫീസ് ഘടനയുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Post Your Comments