വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.കാരണം വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ് എന്നത് തന്നെ. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസില്‍ കണ്ടുവേണം ലാന്‍ഡ്സ്കേപ്പിങ് ഡിസൈന്‍ ചെയ്യാന്‍.
ലാന്‍ഡ് സ്കേപ്പിങ്ങിന് ചൈനീസ് ഗ്രാസ്, കൊറിയന്‍ ഗ്രാസ് എന്നിവ ഉപയോഗിക്കുന്നത് ഭംഗി നല്‍കുമെങ്കിലും ദോഷങ്ങളുണ്ട്. കുട്ടികളെ പരിചരിക്കുന്നതുപോലെയുള്ള പരിചരണവും കൂടുതല്‍ വെള്ളവും ഇത്തരം ഗ്രാസിന് ആവശ്യമാണ്. കറുക, നാടന്‍ പുല്ല്, തെറ്റി, ചെത്തി, മുക്കുറ്റി, തുളസി, ചെമ്പരത്തി, നന്ത്യാര്‍വട്ടം തുടങ്ങിയ തനതു ചെടികളും പുല്ലുകളും ഉപയോഗിച്ച് ലോണ്‍ തയാറാക്കിയാല്‍ പരിചരണം, വെള്ളം എന്നിവ കുറയ്ക്കുമെന്നതിന് പുറമേ പണച്ചെലവും കുറയ്ക്കാമെന്ന നേട്ടവുമുണ്ട്.
പുല്ലുകള്‍ ഉപയോഗിച്ചുള്ള ലാന്‍ഡ് സ്കേപ്പിങ്ങിന് പുറമേ കല്ലും മണ്ണും മാത്രം ഉപയോഗിച്ചും ലാന്‍ഡ്സ്കേപ്പിങ് നടത്താം.മുറ്റം ഏറെയില്ലാത്തവര്‍ക്കും ഉള്ള ഭൂമി സുന്ദരമാക്കാം. പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിച്ചുനോക്കൂ. ചെറിയ മുറ്റം പോലും വലുതായി തോന്നും.
ലാന്‍ഡ്സ്കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്‍ഡ് സ്കേപ്പിങ്ങിനേ ദീര്‍ഘകാലത്തെ ആയുസ് ഉണ്ടാകൂ.
ലാന്‍ഡ്സ്കേപ്പിങ്ങിന് നിലം ഒരുക്കുംമുന്‍പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്‍റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്‍റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്സ്കേപ്പിന് നല്ലതല്ല. സോയില്‍ ടെസ്റ്റ് ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്‍റെ ഘടന മനസിലാക്കാന്‍ സാധിക്കും. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച്അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്‍പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം.
ലാന്‍ഡ്സ്കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്‍ഡ് സ്കേപിങ്, നോര്‍മല്‍ ലാന്‍ഡ് സ്കേപിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്സ്കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്സ്കേപിങ്. കെട്ടിടാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ് സ്കേപ്പിങ്.
നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്‍റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം
Post Your Comments