മക്ക: ഹജ്ജിനെത്തിയ ഒരു ലക്ഷത്തോളം പേരെ കഴിഞ്ഞ ശവ്വാല്‍ മാസം 25 മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളില്‍ തിരിച്ചയച്ചതായി സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഔദ്യോഗിക തസ്രീഹ് (അനുമതി രേഖ) ഇല്ലാതെ ഹജ്ജ് ചെയ്യുവാന്‍ എത്തിയവരാണ് തിരിച്ചയക്കപ്പെട്ടത്. 95400 പേരെയാണ് സൗദി സുരക്ഷാ വിഭാഗം തിരിച്ചയച്ചത്. ഇതു വരെ ഇതിനു പുറമെ 47700 വാഹനങ്ങളെയും തിരിച്ചയച്ചതായി സൗദി സുരക്ഷാവിഭാഗം അറിയിച്ചു.
എല്ലാ സുരക്ഷാ സംവിധാനവും അലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിലെത്തിയവര്ക്ക് ആശ്വാസമായി അവരുടെ കൂടെയുണ്ടാവുമെന്നും ഹജ്ജ് സുരക്ഷാ വിഭാഗം ഖാലിദ് അല്‍ ഹര്‍ബി പറഞ്ഞു. ഹാജിമാരുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ നിയമങ്ങളെ ഭേദിക്കുവാനോ, ഹജ്ജിന്റെ വിശുദ്ധമായ അന്തരീക്ഷത്തെ മലിനപ്പെടുത്തുവാനോ ആരെയും അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിക്കുന്നവരെയും അനുമതി രേഖയില്ലാതെ ഹജ്ജിനെത്തുന്നവരെയും പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അതിനായി അറഫാ, മിന, ഹറം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലും മക്കയിലേക്ക് വരുന്ന മുഴുവന്‍ റോഡുകളിലും ഊടുവഴികളിലും ശക്തമായ പരിശോധന നടത്തുമെന്നും കൂടാതെ നിയമ ലംഘകരെ കണ്ടെത്തുന്നതിന് വിശുദ്ധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നൂറുകണക്കിന് നിരീക്ഷണ ക്യാമറയുടെ സഹായവും എയര്‍ ഫോഴ്സിന്റെ സഹായവും ഉപയോഗപ്പെടുത്തുമെന്നും ഹജ്ജ് സുരക്ഷാ വിഭാഗം ഖാലിദ് അല്‍ ഹര്‍ബി വ്യക്തമാക്കി.
Post Your Comments