ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതിന്റെ ഭാഗമായി 6,622 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. എസ്.ബി.ഐ സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) മുഖേന ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.
എസ്.ബി.ഐ.യില്‍ നേരത്തെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഒഴിവാക്കാനായി വിവിധ ശാഖകള്‍ നിറുത്തലാക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണത്തെ കുറയ്ക്കാന്‍ എസ്.ബി.ഐ നിര്‍ബന്ധിതമായത്.
ഒരേ സ്ഥലത്തുതന്നെ പ്രവര്‍ത്തിക്കുന്ന 594 ശാഖകളാണ് ആഗസ്റ്റ് ആറ് വരെയുള്ള കണക്ക് പ്രകാരം ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നും എസ്.ബി.ഐ കണക്കുകൂട്ടുന്നു. നേരത്തെ, ഡിജിറ്റലൈസേഷന്റെയും അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന്റെയും ഭാഗമായി 10,000 അധികം ജീവനക്കാരെ വിവിധ തസ്തികളിലേക്ക് മാറ്റി നിയമിച്ചിരുന്നു.
Post Your Comments