Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsLife Style

നമ്മുടെ കുട്ടികളെ ബ്ലൂ വെയില്‍ വിഴുങ്ങാതിരിക്കട്ടെ: ജാഗ്രതാ നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ്

തിരുവനന്തപുരംകൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരക ഗെയിമായ ബ്ലൂ വെയിലിനെതിരെ (നീലത്തിമിംഗലം) ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ലോകത്തെമ്പാടുമായി നൂറോളം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് കരുതപ്പെടുന്ന ഈ ഗെയിമിനെതിരെ സംസ്ഥാന സര്‍ക്കാരും കര്‍ശനമായ നിലപാടാണെടുത്തത്. മനുഷ്യന്റെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്ന ഇത്തരം ഗെയിമുകള്‍ക്കെതിരെ രക്ഷിതാക്കളും അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

എന്താണ് ബ്ലൂ വെയില്‍?

ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട 22കാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്‌റ്റോറിലോ മറ്റ് ആപ് സ്‌റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എങ്ങനെ ബ്ലൂ വെയിലില്‍ അടിമയാകുന്നു?

ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കുന്ന 50 സ്റ്റേജുകളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ റിസ്‌കുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്‌റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

എന്തിന് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു?

കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതു തന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും ശേഖരിച്ച സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ബ്ലാക് മെയ്‌ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.

ഇത്തരം ഗെയിമുകളുടെ മന:ശാസ്ത്രം

ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്നതു പോലെയാണ് സൈബര്‍ ലോകത്തെ മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയില്‍ അടിമയാകുന്നതും. ദൈനംദിനം ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ പോകുമ്പോഴാണ് ഇതിന് അടിമയായി എന്ന് മനസിലാക്കേണ്ടത്.

തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ ഉണ്ടാക്കുന്നതും.

കുട്ടികള്‍ എങ്ങനെ അകപ്പെടുന്നു?

സാഹസികത കാണിക്കാന്‍ ഏറ്റവുമധികം വെമ്പുന്ന പ്രായമാണ് ടീനേജ്. അത് ആത്മഹത്യ ചെയ്യിക്കുമോ? എന്നെ വഴി തെറ്റിക്കുമോ? എന്നാലതൊന്ന് കാണണമല്ലോ എന്ന ഒരു മാനസികാവസ്ഥയാണ് ഇത്തരം ഗെയിമുകളുടെ പിന്നാലെ കുട്ടികള്‍ പോകുന്നത്. തന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ധീര പരിവേഷം കിട്ടുമെന്ന തോന്നലും അവരെ ഇത്തരം കളികളിലേക്കാകര്‍ഷിക്കുന്നു.

ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികള്‍. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും.

അകാലത്തില്‍ പൊലിയാതെ എങ്ങനെ തടയാം?

കണ്ടു പിടിക്കാത്ത മാനസിക പ്രശ്‌നങ്ങളുള്ള (മാനസിക രോഗമുള്ള ) കുട്ടികളാണ് പലപ്പോഴും ഇത്തരം കളികളിലൂടെ ആത്മഹത്യയുടെ വഴിയിലേക്ക് നീങ്ങുന്നത്. ബ്ലൂ വെയില്‍ ഗെയിമിന്റെ 50 സ്റ്റേജുകള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ 50 ദിവസങ്ങളാണ് ഉറക്കമൊഴിക്കുന്നത്. ഈ 50 ദിവസത്തെ ഉറക്കമൊഴിച്ചില്‍ ആരുടേയും മാനസികാവസ്ഥയെ തകിടം മറിക്കും. കുട്ടികളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും രക്ഷിതാക്കള്‍ അറിയണം. ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, എത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം.

കൗണ്‍സിലിംഗ് വളരെ പ്രധാനം

കുട്ടികളുടെ പെരുമാറ്റത്തില്‍ ഇത്തരം അസ്വാഭാവികതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടേണ്ടതാണെന്ന് പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ.യുമായ ഡോ. മോഹന്‍ റോയ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരാഗ്യ വിഭാഗത്തില്‍ ഇത്തരം കുട്ടികളെ ചികിത്സിക്കാനായി പ്രത്യേക സൗകര്യമുണ്ട്. ആത്മഹത്യാ പ്രവണതയിലേക്ക് പോകുന്ന കുട്ടികളെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

എങ്ങനെ ചതിക്കെണിയില്‍ നിന്നും പുറത്ത് ചാടിക്കാം

നമ്മുടെ കുട്ടികളെ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ അവരെ നേരായ വഴിക്ക് കൊണ്ടുവരാം. സാധാരണ അവസ്ഥയില്‍ നിന്നും കുട്ടി വിഭിന്നമായി പെരുമാറിയാല്‍ ഉടന്‍ തന്നെ സ്‌നേഹത്തോടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കുക. കുട്ടികളോടൊപ്പം സമയം ചിലവഴിച്ച് അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് ബോധവത്ക്കരിക്കണം. നമ്മുടെ നാട്ടില്‍ ഡിഗ്രിതലം വരെയുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. വീട്ടിലെ കുട്ടികളുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പൊതുവായ സ്ഥലത്ത് മാത്രം വയ്ക്കുക. അനാവശ്യ സൈറ്റുകള്‍ കുട്ടികള്‍ എടുക്കാതിരിക്കാനുള്ള സെക്യൂരിറ്റികള്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം.

നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കാം

സൈബര്‍ ലോകത്തിന് അതിര്‍വരമ്പുകളില്ല. അതിനാല്‍ ആരുടേയും മാനസികനില തകരാറിലാക്കി മരണത്തിലേയ്ക്കുവരെ തള്ളിവിടുന്ന ഇത്തരം കളികളെ തടയേണ്ടതാണ്. നാളെ നമ്മളുടെ കുട്ടിയും വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റര്‍നെറ്റില്‍ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് ഉറപ്പു പറയാനാകില്ല. അതിനാല്‍ ഇത്തരം കമ്പ്യൂട്ടര്‍ ഗെയിമുകളെ അകറ്റി നിര്‍ത്തുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button