Latest NewsIndiaNews

ചൈനയ്ക്ക് ഇന്ത്യയെ ഭയം : ആക്രമിച്ചാല്‍ ജയം ഇന്ത്യക്ക് :അതിനുള്ള കാരണങ്ങള്‍ നിരത്തി സൈനിക റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി : ഇന്ത്യക്ക് നേരെ ചൈന ആക്രമണം അഴിച്ചുവിട്ടാല്‍ ജയം ഇന്ത്യക്കാണ്. അതിനുള്ള പ്രധാന കാരണം ഇന്ത്യക്ക് അനുകൂല കാലാവസ്ഥയാണ്. മാത്രമല്ല ഇന്ത്യയില്‍ നിന്നും ഏറെ ഉയരത്തിലുള്ള ടിബറ്റന്‍ പ്രദേശത്ത് ചൈനക്ക് ഭീഷണിയുയര്‍ത്താനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനക്കുണ്ടെന്ന് ദേശീയ മാധ്യമം പുറത്തുവിട്ട സൈനിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗികമായി ഇനിയും പരസ്യമാക്കാത്ത ‘ഡ്രാഗണ്‍ ന്റെ നഖങ്ങള്‍, ചൈനീസ് വ്യോമസേനയെ വിലയിരുത്തുമ്പോള്‍’ എന്ന സൈനിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്. ടിബറ്റന്‍ മേഖലയില്‍ തന്ത്രപരമായ മുന്‍തൂക്കം ഇന്ത്യന്‍ വ്യോമസേനക്കാണെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ മിറാഷ് പോര്‍വിമാനത്തിന്റെ പൈലറ്റായിരുന്ന സ്വാഡ്രണ്‍ ലീഡര്‍ സമീര്‍ ജോഷിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഡോക്ലാം പ്രദേശത്തെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്ത അവസ്ഥയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലുള്ള ടിബറ്റന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇന്ത്യന്‍ സേനക്ക് മുന്‍തൂക്കം നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ ഭാഗത്ത് ഉയര്‍ന്ന പ്രദേശങ്ങളിലാണ് ചൈനയുടെ വ്യോമതാവളങ്ങളെല്ലാമുള്ളത്. പ്രതികൂല കാലാവസ്ഥ പോര്‍വിമാനങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. വാഹകശേഷിയുടെ പകുതി മാത്രമേ പോര്‍വിമാനങ്ങള്‍ക്ക് വഹിക്കാനാകൂ. ചൈനയുടെ എസ്യു 27, ജെ 11, ജെ 10 തുടങ്ങിയ പോര്‍വിമാനങ്ങള്‍ പൂര്‍ണ്ണമായ ശേഷിയില്‍ ഇന്ധനമോ ആയുധങ്ങളോ വഹിച്ച് പറന്നുയരാനാകില്ല. ഇത് ചെറുതല്ലാത്ത തിരിച്ചടിയാകും ചൈനക്ക് നല്‍കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറുവശത്ത് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലെ വ്യോമ താവളങ്ങളായ തേസ്പൂര്‍, കാലൈകുണ്ട, ചാബുവ, ഹസിമാര എന്നിവയെല്ലാം സമുദ്രനിരപ്പിനോട് ചേര്‍ന്നു കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ വ്യോമസേനക്ക് ഭൂമിശാസ്ത്രപരമായ യാതൊരു വെല്ലുവിളികളുമില്ല. ഇത് ഇന്ത്യയ്ക്ക് ടിബത്തന്‍ വ്യോമമേഖലയില്‍ മുന്‍തൂക്കം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചൈനയുമായി ഏതെങ്കിലും ഘട്ടത്തില്‍ വ്യോമ പോരാട്ടമുണ്ടായാല്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വ്യക്തമായ മുന്‍തൂക്കം നല്‍കുന്നതിന് ഇത് സഹായിക്കും. എങ്കിലും ചൈനയുടെ പക്കലുള്ള വിപുലമായ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Post Your Comments


Back to top button