Latest NewsNews

ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകള്‍

ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകളാണെന്ന് പഠന റിപ്പോര്‍ട്ട്. അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഏറ്റവും കൂടുതല്‍ രോഗം പരത്തുന്ന മാര്‍ഗമെന്ന നിലയില്‍ ഓരോ വിമാനയാത്രയെയും പരിഗണിക്കാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനമനുസരിച്ച്‌ വിമാനത്തിന്റെ വലിപ്പവും ബോര്‍ഡിങ്ങിന്റെ രീതിയുമൊക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രോഗം പടര്‍ത്തുന്ന കാര്യത്തില്‍ മൂന്നുതരത്തിലാണ് വിമാനയാത്രകള്‍ ഭീഷണിയാകുന്നത്. ആളുകളെ എല്ലാവരെയും അടഞ്ഞ ഒരു പ്രദേശത്താക്കുന്നുവെന്നതാണ് അതിലെ ആദ്യഭീഷണി. രോഗാണുക്കള്‍ പരക്കാന്‍ ഇതിടയാക്കുന്നു. പകര്‍ച്ചവ്യാധികളുടെ ആഗോള വ്യാപനത്തിന് വിമാനയാത്രകള്‍ വലിയൊരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അരിസോണ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനുജ് മുബായ് പറഞ്ഞു.

ഗവേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ ക്യാബിന്റെ മാതൃകയില്‍ അടഞ്ഞ സ്ഥലം ഉണ്ടാക്കുകയും രോഗാണുക്കളുടെ വ്യാപനം നിരീക്ഷിക്കുകയുമാണ് ഇവര്‍ ചെയ്തത്. ഇതോടൊപ്പം ആളുകളുടെ വിമാനത്തിനുള്ളിലെ നീക്കങ്ങളും പഠനവിഷയമാക്കി. എബോള രോഗത്തിന്റെ അണുക്കള്‍ വിമാനത്തിലൂടെ എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ച്‌ പഠിക്കാനാണ് സംഘം ആദ്യം ശ്രമിച്ചത്.

നിലവിലെ ബോര്‍ഡിങ് രീതികള്‍തന്നെ രോഗം പടരാനുള്ള സാധ്യത ശക്തമാക്കുന്നതായി അവര്‍ കണ്ടെത്തി. ഫസ്റ്റ് ക്ലാസ്, മിഡില്‍ സോണ്‍, ബാക്ക് സെക്ഷന്‍ എന്നീ മൂന്ന് രീതിയിലുള്ള ഇരിപ്പിടങ്ങളാണ് വിമാനത്തിലുള്ളത്. മൂന്നിടത്തേയ്ക്കുമുള്ള യാത്രക്കാര്‍ ബോര്‍ഡിങ്ങിന്റെ ഭാഗമായി ഒരുമിച്ചിരിക്കേണ്ടിവരുന്നു. വിമാനത്തിലേക്ക് കടക്കുന്നതിനുള്ള തിരക്ക് നിയന്ത്രിക്കുകയും ഒന്നിച്ചുള്ള ബോര്‍ഡിങ് രീതി കുറയ്ക്കുകയും ചെയ്താല്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാനാകും. ബോര്‍ഡിങ് വേഗത്തിലാക്കുന്നതും ഇതിന് സഹായകമാകും. കൂടുതലാളുകളെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ കൂടുതല്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button