ചെന്നൈ: വിജയ് ചിത്രത്തെ കുറിച്ച് മോശം പരാമർശം നടത്തിയതിനെ തുടർന്ന് മാധ്യമപ്രവർത്തക സൈബർ ആക്രമണത്തിന് വിധേയായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രനാണ് സൈബർ ആക്രമണം നേരിടേണ്ടിവന്നത്.
വിജയുടെ സുര എന്ന ചിത്രം ഇന്റർവെൽ വരെ കണ്ട് ഇറങ്ങിപ്പോരുകയായിരുന്നെന്നും എന്നാൽ ജബ് ഹാരി മെറ്റ് സേജൽ ആ റിക്കാർഡ് തകർത്തെന്നും ഇന്റർവെല്ലിന് മുന്പുതന്നെ താൻ തിയറ്റർ വിട്ടെന്നും ധന്യ ട്വിറ്ററിൽ കുറിച്ചു. ഇതേതുടർന്ന് വിജയ് ഫാൻസ് എന്ന് അവകാശപ്പെടുന്നവർ ധന്യക്കുനേരെ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയിൽ വിജയ് ചിത്രത്തെ കുറിച്ച് ധന്യ നടത്തിയ പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചത്.
രണ്ടു ട്വിറ്റർ ഹാൻഡിലുകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്ട്, സ്ത്രീകൾക്കെതിരായ അക്രമം എന്നിവയിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ധന്യയെ വ്യക്തി അധിക്ഷേപം നടത്തുന്ന #PublicityBeepDhanya എന്ന ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെൻഡിംഗ് പട്ടികയിൽ ഇടംപിടിച്ചു. ഇതേതുടർന്നാണ് ധന്യ പോലീസിൽ പരാതി നൽകിയത്.
Post Your Comments