ദുബായ് : ബസും മെട്രോയും ട്രാമുമെല്ലാം യാത്രക്ക് ഉപയോഗിച്ചാല്‍ മാത്രം പോരാ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ദുബായ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). യാത്രക്കാര്‍ അറിവില്ലായ്മ മൂലം വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആര്‍.ടി.എ ബോധവത്കരണം ആരംഭിച്ചു. ബസ് ഷെല്‍റ്ററില്‍ കയറിയിരുന്ന് ഉറങ്ങുക, ബസിലും മെട്രോയിലും ഇരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിങ് ഗം ചവക്കുക, പുക വലിക്കുക തുടങ്ങി 61കുറ്റങ്ങളാണ് യാത്രക്കാര്‍ പതിവായി ചെയ്തു പോരുന്നത്. ഇവ ചെയ്യുന്നവര്‍ക്ക് നിയമ പ്രകാരം പിഴയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികളും നേരിടേണ്ടി വരും.
അടിയന്തിര ഘട്ടങ്ങളിലല്ലാതെ എമര്‍ജന്‍സി വാതിലുകളും മറ്റ് അടിയന്തിര^ആപത് രക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും. വാഹനങ്ങളുടെ സീറ്റുകളോ മറ്റു വസ്തുക്കളോ കേടുപാടു വരുത്തുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും. ബസ് ഷെല്‍റ്ററുകളിലും മെട്രോ കാത്തിരിപ്പു ഭാഗങ്ങളിലും ഉറങ്ങുന്നവര്‍ക്ക് 300 ദിര്‍ഹം പിഴ വീഴും. തീ പിടിത്ത കാരണമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതും വഴി കാട്ടി നായ് ഒഴികെയുള്ള വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന മെട്രോ ബോഗിയില്‍ പുരുഷന്‍മാര്‍ യാത്ര ചെയ്യുന്നത് സ്ത്രീകളുടെ ഉറ്റബന്ധുക്കള്‍ ആണെങ്കില്‍ പോലും അനുവദനീയമല്ല, നോല്‍ കാര്‍ഡ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 200 ദിര്‍ഹവും വ്യാജ കാര്‍ഡുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് 500 ദിര്‍ഹവും പിഴ വാങ്ങും. മെട്രോ ബോഗികള്‍ കൂട്ടി ഇണക്കിയ ഭാഗത്ത് ഇരിക്കുന്നതും ലഗേജുകള്‍ സൂക്ഷിക്കാന്‍ ഒഴിച്ചിട്ടിരിക്കുന്ന പ്രദേശത്ത് നിന്ന് യാത്ര ചെയ്യുന്നതും കുറ്റകരമാണ്. സീറ്റില്‍ കാലു കയറ്റിവെച്ച് യാത്ര ചെയ്യല്‍, ബസ് ഷെല്‍റ്ററുകളില്‍ പരസ്യങ്ങള്‍ പതിക്കല്‍, ബസിനുള്ളില്‍ ചപ്പു ചവറുകള്‍ ഇടല്‍ എന്നിവയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും.
യാത്രക്കാരുടെ സൗകര്യവും സന്തോഷവും ഉറപ്പാക്കാനും പരിഷ്‌കൃതമായ സഞ്ചാര രീതികള്‍ ശീലമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികളെന്ന് ഗതാഗത പ്രവര്‍ത്തന നിരീക്ഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാ അല്‍ മഹ്രി പറഞ്ഞു. യാത്രക്കാര്‍ തെറ്റായ രീതികള്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ അവക്ക് അറുതി വരുത്തുന്നത് സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments